തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകരോട് അഭ്യർത്ഥിച്ച് വി ഡി സതീശൻ. 102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയതെന്നും നമുക്കിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ പിൻമാറണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് കൂറ്റൻ പ്രകടനമാണ് നടന്നത്. കെ എസ് യു, യൂത്ത് കോൺഗ്രസ്, ഡിസിസി ഭാരവാഹികൾ നേരിട്ട് നയിച്ച പ്രകടനമാണ് നടന്നത്. അതേസമയം തന്നെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഇടുക്കിയിലും കോഴിക്കോടും കോട്ടയത്തും മലപ്പുറത്തും വിവിധയിടങ്ങളിൽ വി ഡി സതീശനായി പ്രകടനങ്ങൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രവർത്തകർ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചുളള വി ഡി സതീശന്റെ പോസ്റ്റ്.
