ചോമ്പാൽ ഹാർബർ വികസനം: വികസന നടപടിടകൾ ത്വരിതപ്പെടുത്തണം: മുല്ലപ്പള്ളി രാമചന്ദ്രൻ

news image
Aug 13, 2026, 5:51 am GMT+0000 payyolionline.in

ചോമ്പാല: മലബാറിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ചോമ്പാൽ ഫിഷിങ് ഹാർബറിന്റെ വികസനത്തിനായി സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി വി. ഡി. സതീശനും ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂറിനും നിവേദനം നൽകി. അയ്യായിരത്തിലധികം തൊഴിലാളികളും 1200-ഓളം നാടൻ വള്ളങ്ങളും മോട്ടോർ ബോട്ടുകളും ആശ്രയിക്കുന്ന ഹാർബറാണിത്.

1991-ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്താണ് ചോമ്പാൽ ഹാർബർ യാഥാർത്ഥ്യമായത്. 1999-ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ പത്തു വർഷമായി ഹാർബറിലെ വികസന പ്രവർത്തനങ്ങൾ പാടെ മുടങ്ങിക്കിടക്കുകയാണെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.

വള്ളങ്ങൾക്കും മോട്ടോർ ബോട്ടുകൾക്കും സുഗമമായി തീരമണയുന്നതിനായി കഴിഞ്ഞ പത്തു വർഷമായി അടിഞ്ഞുകൂടിയ ചെളിയും മണലും അടിയന്തരമായി ഡ്രഡ്ജിങ് നടത്തി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിലെ ജട്ടി നിർമ്മാണം പൂർത്തിയാക്കുക, പേരിന് മാത്രം പ്രവർത്തിക്കുന്ന ആരോഗ്യ സബ് സെന്ററിൽ പകൽ സമയത്തെങ്കിലും ഡോക്ടറുടെ സേവനം ഉറപ്പാക്കുക എന്നിവയും പ്രധാന ആവശ്യങ്ങളാണ്.

കൂടാതെ കുടിവെള്ളം, ശൗചാലയം, വൈദ്യുതി, സി.സി.ടി.വി, ശുചിത്വ സംവിധാനങ്ങൾ എന്നിവ ഹാർബറിൽ ഒരുക്കണമെന്നും നൂറുകണക്കിന് ലോറികളും ടെമ്പോകളും വന്നുപോകുന്ന ഹാർബറിൽ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സജ്ജമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഹാർബർ എഞ്ചിനിയറിങ്ങ് ഡിപ്പാർട്ട്മെന്റിനോട് ഉടനടി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ മുല്ലപ്പളളിയെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe