തിരുവനന്തപുരം: ഭരണ മാറ്റത്തിൽ സന്തോഷമുണ്ടെന്ന് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. ചെയ്യാത്ത തെറ്റിനാണ് തന്നെ ഉപദ്രവിച്ചതും കോടതി കയറ്റിയതും. പിണറായി തോറ്റതിൽ അതിയായ സന്തോഷമുണ്ടെന്നും സൈബർ ഇടങ്ങളിൽ ആക്രമണം തുടരുന്നതായും മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത് പറഞ്ഞു.
അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്കിൽ നിന്ന് ഹൗളിംഗ് കേട്ടിരുന്നു. ഇതിന് പിന്നാലെ ഗൂഢാലോചന കുറ്റം ആരോപിച്ച് രഞ്ജിത്തിനെതിരെ കേസെടുക്കുകയും സൗണ്ട് സിസ്റ്റം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സംഭവം വലിയ വിവാദമായതോടുകൂടിയാണ് കന്റോൺമെന്റ് പോലീസ് മൈക്ക് സിസ്റ്റം വിട്ടു നൽകിയത്.
കേസെടുത്തത് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്നും ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും അന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത് ആറ് സെക്കൻഡിനുള്ളിൽ പ്രശ്നം പരിഹരിച്ചുവെന്നും അന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.
മൈക്ക് തകരാറായ സംഭവത്തിൽ പൊലീസ് അന്ന് എഫ്ഐആർ ഇട്ടിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആറിലുള്ളത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
