കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഇടത് കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന അഹമ്മദ് ദേവർകോവിൽ. സിപിഐഎമ്മിന്റെ എല്ലാ ശക്തികേന്ദ്രങ്ങളിലും വലിയ വിള്ളലുണ്ടായി. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തിരിച്ചടിയായെന്നും അനവസരത്തിൽ അനാവിശ്യമായ പരാമർശം വെള്ളാപ്പള്ളി നടത്തിയെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ ഉണ്ടായി.ഇതിന് പിന്നാലെയാണ് സൗത്ത് മണ്ഡലത്തിലും വോട്ട് ചോർച്ച ഉണ്ടായിയെന്ന് വെളിപ്പെടുത്തലുമായി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അഹമ്മദ് ദേവർകോവിൽ രംഗത്ത് എത്തിയത്.
മുന്നണിക്ക് ഉള്ളിൽ എല്ലാവർക്കും ഒരേ അഭിപ്രായം അല്ല. എൽഡിഎഫിൻ്റെ മൂന്നാം ഊഴം പ്രതീക്ഷയുണ്ടായിരുന്നുവെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന വോട്ടുകളിൽ കൂടുതൽ വോട്ടുകൾ ബിജെപി നേടിയിട്ടുണ്ടെന്നത് വസ്തുതയാണ്. അത് ഏത് പാർട്ടിയുടെ വോട്ടുകളാണ് ലഭിച്ചതെന്ന് വിശകലനം ചെയ്തിട്ടെ പറയാൻ കഴിയൂ. എൽഡിഎഫിന് വോട്ടുകളിൽ കുറവായിട്ടുണ്ടെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
എല്ലാവശങ്ങളും എൽഡിഎഫ് പരിശോധിക്കുന്നുണ്ട്. തോൽവി ജനാധിപത്യ പ്രക്രിയയിൽ പുത്തരിയില്ല. ഇതിന് മുൻപും വിജയങ്ങളും പരാജങ്ങളും എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിട്ടുണ്ട്. ആ പരാജയങ്ങളിൽ നിന്ന് തിരിച്ചുവന്ന പാരമ്പര്യം എൽഡിഎഫിനുണ്ടായിട്ടുണ്ടെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 2021ൽ 30,00 വോട്ടുകൾ നേടിയ ബിജെപി ഇത്തവണ 39,000ലധികം വോട്ടുകളാണ് നേടിയത്.
