കണ്ണൂരിൽ പരാതി നൽകാനെത്തിയ ആൾ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടന്നു; ഒടുവിൽ കണ്ടെത്തിയത് നാട്ടുകാരുടെ സഹായത്തോടെ

news image
May 10, 2026, 7:01 am GMT+0000 payyolionline.in

കണ്ണൂർ: പരാതി നൽകാനെത്തിയ ആൾ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടന്നുകളഞ്ഞു. കണ്ണൂരിലാണ് സംഭവം. കണ്ണൂർ സൈബർ പൊലീസ് ഓഫീസിന്റെ മുറ്റത്തുനിന്നാണ് പൊലീസ് ജീപ്പുമായി പ്രതി കടന്നുകളഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തൃശൂർ ചാവക്കാട് തൊഴിയൂർ സ്വദേശി കല്ലുവളപ്പിൽ ഹംസത്ത്(49) ആണ് പിടിയിലായത്.

ശനിയാഴ്ച്ച പുലർച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ നഷ്ടമായെന്നും കണ്ടുപിടിച്ച് തരണമെന്നും പരാതി പറയാൻ ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു ഹംസത്ത്. ഇയാൾ മദ്യലഹരിയിലായിരുന്നു. വിവരങ്ങൾ ശേഖരിച്ച ശേഷം തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ സൈബർ പൊലീസ് സ്റ്റേഷനിലെത്തി. പക്ഷെ ഗേറ്റ് അടച്ച നിലയിലായിരുന്നു. ഓഫീസിന്റെ വാതിലുകൾ അടച്ച നിലയിലായിരുന്നു. പലതവണ അധികൃതരെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.

തിരിച്ച് ഇറങ്ങുന്നതിനിടെ മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനം ഹംസത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ജീപ്പിനകത്ത് താക്കോലുമുണ്ടായിരുന്നു. ഇതോടെ ഹംസത്ത് വാഹനമെടുത്ത് റോഡിലിറക്കി. ജീപ്പുമായി കടന്ന പ്രതി ഉത്തരമേഖലാ ഡി ഐജിയുടെ ഓഫീസിന് മുന്നിലൂടെ നേരെ മുനീശ്വരൻ കോവിലിന് സമീപത്തെ പെട്രോൾ പമ്പിലെത്തി. ഇന്ധനം നിറയ്ക്കാനും ബില്ല് പൊലീസിന്റെ അക്കൗണ്ടിൽ ചേർത്താൽ മതിയെന്നും പറഞ്ഞു.
പെട്രോളടിച്ച ശേഷം ശ്രീനാരായണ പാർക്കിന് സമീപത്തെ തട്ടുകടയിലെത്തി. മുഷിഞ്ഞ വസ്ത്രം ധരിച്ച് മദ്യലഹരിയിൽ ഒരാൾ എന്തൊക്കെയോ വിളിച്ചുപറഞ്ഞ് ഇറങ്ങിവന്നത് തട്ടുകടയിലെ ജീവനക്കാരിൽ സംശയമുണയർത്തി. ഇവർ ജീപ്പിന്റെ താക്കോൽ പിടിച്ചുവാങ്ങുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe