തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒക്ടോബർ നാലാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒക്ടോബർ അഞ്ചാം തീയതി പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. തുടർന്ന് ഒക്ടോബർ നാല് മുതൽ ആറ് വരെയുള്ള തീയതികളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
