കെഎസ്ആർടിസി ബസ്സിനുള്ളിലെ മദ്യപാനം: വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിർദേശം

news image
Nov 22, 2026, 11:22 am GMT+0000 payyolionline.in

തിരുവനന്തപുരം: ബസ്സിനുള്ളിലെ മദ്യപാനത്തിന് പിന്നാലെ പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി. ദീർഘ- ഹ്രസ്വ ദൂര ബസുകളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിർദേശം. തലശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനത്തിന് പിന്നെലെയാണ് കെഎസ്ആർടിസിയുടെ ഇടപെടൽ.

തലശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ചതിൽ, കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബസ്സുകൾക്കുള്ളിൽ പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തിൽ പരിശോധന നടത്താനാണ് കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം. നേരത്തെ സമാനമായ പരിശോധന ദീർഘദൂര ബസ്സുകളിൽ നടന്നുവന്നിരുന്നുവെങ്കിലും അവ ഹ്രസ്വദൂര ബസ്സുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നിർദ്ദേശം.

നേരത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് പദവി വഹിച്ചിരുന്നത് കെ എസ് ആർ ടി സി ക്കുള്ളിലെ ജീവനക്കാരാണ്. എന്നാൽ നിലവിൽ ആ പദവിയിൽ ഉള്ളത് ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ്. ഇതോടെ പരിശോധന കൂടുതൽ കാര്യക്ഷമമാകും എന്ന് പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe