ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ, ബോക്‌സിംഗിലും ആർച്ചറിയിലും ചരിത്ര നേട്ടം; മെഡൽ പട്ടികയിൽ അഞ്ചാമത്

news image
Oct 2, 2026, 11:06 am GMT+0000 payyolionline.in

ഏഷ്യൻ ഗെയിംസിൻറെ 13-ാം ദിനത്തിലും ഇന്ത്യയ്ക്ക് സുവർണ നേട്ടം. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വർണം നേടിയ ഇന്ത്യ ആകെ സ്വർണനേട്ടം പതിനഞ്ചാക്കി ഉയർത്തി മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 75 (15 സ്വർണം, 25 വെള്ളി, 35 വെങ്കലം) ആയി ഉയർന്നു.

വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി 13-ാം സ്വർണം സ്വന്തമാക്കി. പാരീസ് ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവാണ് ചെൻ നിയെൻ-ചിൻ. ഒരു ഏഷ്യൻ ഗെയിംസ് പതിപ്പിൽ രണ്ട് ഇന്ത്യൻ വനിതാ ബോക്‌സർമാർ സ്വർണം നേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. നേരത്തെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് താരം ബാവോ സിയെയെ (5-0) തകർത്ത് ലവ്‌ലിന ബൊർഗോഹെയ്ൻ ഇന്ത്യയുടെ 12-ാം സ്വർണ്ണം നേടിയിരുന്നു. ഇതിഹാസ താരം എം.സി. മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്‌സറാണ് ലവ്‌ലിന.

പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുജീത് കൽക്കൽ സ്വർണം നേടി. തജക്കിസ്ഥാൻ താരത്തെ 10-9ന് തോൽപ്പിച്ചാണ് സുജീത്തിൻറെ സ്വർണനേട്ടം. പുരുഷ വിഭാഗം ബോക്സിംഗ് 80 കിലോഗ്രാം വഭാഗത്തിൽ കൊറിയയുടെ മിൻസ്യോംഗിനെ തോൽപിച്ച് ഇന്ത്യയുടെ അങ്കുഷ് സ്വർണം നേടിയതോടെ ഇന്ത്യയുടെ സ്വർണനേട്ടം പതിനഞ്ചായി.

ആർച്ചറിയിലും റെക്കോർഡ് പ്രകടനം

വനിതകളുടെ റിക്കർവ് ആർച്ചറി ടീം ഇനത്തിൽ അങ്കിത ഭഗത്, കീർത്തി, കുംകും മൊഹോദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘം ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തകർത്ത് ചരിത്രത്തിലാദ്യമായി സ്വർണം കരസ്ഥമാക്കി. അതേസമയം, പുരുഷ റിക്കർവ് ടീമും റിക്കർവ് മിക്സ്ഡ് ടീമും വെള്ളി മെഡലുകൾ നേടി. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ സുജീത് കൽക്കലും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ സെപാക്തക്രോ ക്വാഡ്രൻറ് ടീം ഇനത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടി. വനിതാ ഹോക്കി ഫൈനലിൽ ഇന്ത്യ കരുത്തരായ ചൈനയെ നേരിടും. നിലവിൽ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ തുടരുന്നത്. മെഡൽ കൊയ്ത്ത് തുടരുന്നതോടെ കൂടുതൽ സ്വർണ മെഡലുകൾ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe