വടകര: വടകരയിൽ ഡി.സി.സി. സെക്രട്ടറിയുടെ വീട്ടുപടിക്കൽ വയോധികൻ പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കടത്തനാട് ലേബർ സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ്. മരണപ്പെട്ട ഇബ്രാഹിംകുട്ടി ഹാജിക്ക് നിക്ഷേപത്തുക തിരികെ നൽകാൻ സൊസൈറ്റിക്ക് സാധിച്ചിരുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
ഇബ്രാഹിംകുട്ടി ഹാജി തന്റെ നിക്ഷേപം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് പലതവണ സൊസൈറ്റിയെ സമീപിച്ചിരുന്നു. എന്നാൽ പലിശ ഇനത്തിലുള്ള തുക മാത്രമാണ് അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞത്. നിലവിൽ സൊസൈറ്റി ഒരുകോടി 69 ലക്ഷം രൂപയുടെ വൻ സാമ്പത്തിക നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് നിക്ഷേപകരുടെ പണം കൃത്യസമയത്ത് നൽകാൻ കഴിയാത്തത്. ഒന്നുരണ്ട് മാസത്തിനകം പണം നൽകാമെന്ന് ഇബ്രാഹിംകുട്ടി ഹാജിക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും ബഷീർ അഹമ്മദ് കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം രാവിലെ പത്തരയോടെയാണ് തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിംകുട്ടി ഹാജി (71), ഡി.സി.സി. സെക്രട്ടറിയും സൊസൈറ്റി ഭാരവാഹിയുമായ സുധീറിന്റെ പഴങ്കാവിലെ വീട്ടുപടിക്കൽ എത്തി ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 75 ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇബ്രാഹിമിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി വിവരം വന്നിരുന്നു. സുധീറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണസംഘമായ കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ഇബ്രാഹിം പണം നിക്ഷേപിച്ചിരുന്നു. പല തവണ പണം പിൻവലിക്കുന്നതിനായി സമീപിച്ചിട്ടും പണം തിരികെ നൽകിയിരുന്നില്ലെന്ന് ആരോപണവും ഉയർന്നിരുന്നു.
