വ്യാപാര മാന്ദ്യം മറികടക്കാൻ പദ്ധതികളുമായി പയ്യോളി

news image
Jul 23, 2026, 7:01 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ടൗണിലെ വ്യാപാര മേഖല നിലവിൽ നേരിടുന്ന മാന്ദ്യത്തിന് പരിഹാരം കാണുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “വ്യാപാര മാന്ദ്യ പരിഹാര ആലോചനാ കൺവെൻഷൻ” സംഘടിപ്പിച്ചു. പയ്യോളി തീർത്ഥ ഇന്റർനാഷണലിൽ നടന്ന ചടങ്ങ് പയ്യോളി മുനിസിപ്പൽ ചെയർപേഴ്‌സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു.

വരാനിരിക്കുന്ന ഓണം–ക്രിസ്തുമസ് വ്യാപാര സീസണുകൾ വിജയകരമാക്കുന്നതിനും, പയ്യോളിയെ ജനശ്രദ്ധയാകർഷിക്കുന്ന വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള വിവിധ പദ്ധതികൾ കൺവെൻഷനിൽ ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി വ്യാപാരോത്സവങ്ങൾ സംഘടിപ്പിക്കൽ, ഗതാഗത-പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശുചിത്വം, സുരക്ഷ, തെരുവ് വ്യാപാര ക്രമീകരണം, മത്സ്യ മാർക്കറ്റിന്റെ വികസനം എന്നിവയിൽ വിശദമായ പദ്ധതികൾ തയ്യാറാക്കാൻ തീരുമാനമായി.

ടൗണിന്റെ സമഗ്ര വികസനത്തിനും പ്രശ്‌നപരിഹാരങ്ങൾക്കുമായി പയ്യോളി ടൗണിലെ കച്ചവടക്കാർ, തൊഴിലാളി സംഘടനകൾ, കയറ്റിറക്ക് തൊഴിലാളികൾ, ബിൽഡിംഗ് ഓണേഴ്‌സ് സംഘടന എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പയ്യോളി ടൗൺ കോർഡിനേഷൻ ടീം രൂപീകരിച്ചു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ചേർന്ന് ടൗണിന്റെ പുരോഗതിക്കായി സംയുക്തമായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡന്റ് ഷമീർ കെ. എം. അധ്യക്ഷത വഹിച്ചു. പയ്യോളി പോലീസ് സബ് ഇൻസ്‌പെക്ടർ ഷിജു ടി. ടി. വിശിഷ്ടാതിഥിയായി പങ്കെടുത്തു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി. പി. ഫാത്തിമ, കൗൺസിലർ അസീസ് പി. പി., പയ്യോളി മുനിസിപ്പൽ സൂപ്രണ്ട് രാഗേഷ്, പ്വാഗാട് പ്രോജക്റ്റ് ഓഫീസർ ജനിത്ത്, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഫൈസൽ മുഹമ്മദ്, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി നാസർ കെ. ടി. സ്വാഗതവും രവീന്ദ്രൻ അമ്പാടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe