കോളയാടി സ്‌കൂളിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; വയനാട് രോഗ ബാധിതരുടെ എണ്ണം 16 ആയി

news image
Jun 12, 2026, 6:40 am GMT+0000 payyolionline.in

കൽപ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്നു. വയനാട് കോളയാടി സ്‌കൂളിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി. ഷിഗെല്ല കേസുകളിൽ ഈ വർഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്. 114 പേർക്കാണ് ഈ വർഷം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്.

നിലവിൽ 502 കുട്ടികളാണ് കോളിയാടിയിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവിൽ 47 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. അതേസമയം, സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

2025 ൽ 132 പേർക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023ൽ 90 പേർക്കും 2022ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe