നിതിൻ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

news image
Jul 27, 2026, 8:29 am GMT+0000 payyolionline.in

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതി ഡോ. എം കെ റാം കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. റാമിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

ആഗസ്റ്റ് ഒന്നിന് പ്രതിയെ കോടതിയിൽ ഹാജരാക്കണം. കണ്ണൂർ ഡെന്റൽ കോളേജിലും സംഭവസ്ഥലങ്ങളിലും റാമിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്. റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഒരു കാര്യവും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചിരുന്നു.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസിൽ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമർശനമുണ്ടായി. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കിൽ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. പ്രതിയെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. നിതിൻ രാജിന്റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷം കുടകിൽവെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe