കൊയിലാണ്ടി: ഏകദൈവാരാധനയുടെ അടിസ്ഥാനത്തിലുള്ള ധാർമിക മുന്നേറ്റമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എൻ. അബ്ദുല്ലത്തീഫ് മദനി പ്രസ്താവിച്ചു. കൊയിലാണ്ടിയിൽ പുതുതായി നിർമിക്കുന്ന വിസ്ഡം കൾച്ചറൽ സെന്ററിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി മുസ്ലിം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബി. എച്ച്. അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിശുദ്ധ ഖുർആനും പ്രവാചകചര്യയും അതിന്റെ പ്രഥമ സംബോധിതരായ മുൻഗാമികൾ മനസ്സിലാക്കിയതിൽ നിന്ന് വ്യതിചലിച്ച് വ്യാഖ്യാനിക്കുന്നതാണ് മുസ്ലിം സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിക്കാൻ കാരണമാകുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, സി. പി. സലീം, ജില്ലാ വൈസ് പ്രസിഡന്റ് മുജാഹിദ് ബാലുശ്ശേരി, സെക്രട്ടറി കെ. ജമാൽ മദനി, ജില്ലാ പ്ലാനിംഗ് കമ്മിറ്റിയംഗം വി. പി. ഇബ്രാഹിംകുട്ടി, കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ. എം. ഷമീം എന്നിവർ സംസാരിച്ചു.
സൊസൈറ്റി സെക്രട്ടറി എൻ. എൻ. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. കൊയിലാണ്ടി മുസ്ലിം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ. പി. പി. അബൂബക്കർ സ്വാഗതവും പ്രൊജക്ട് കൺവീനർ വി. പി. വി. ബഷീർ നന്ദിയും പറഞ്ഞു.

