കൊയിലാണ്ടി: എം.എസ്.എം (MSM) സംസ്ഥാന സമ്മേളനത്തിന്റെയും ‘മതം, മിതത്വം, സുരക്ഷിതത്വം’ എന്ന പ്രമേയത്തിൽ നടക്കുന്ന കെ.എൻ.എം (KNM) സംസ്ഥാന ക്യാമ്പയിന്റെയും ഭാഗമായി കെ.എൻ.എം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രചരണ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി യു.എ. ഖാദർ സാംസ്കാരിക പാർക്കിലായിരുന്നു പരിപാടി. നവംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് കടപ്പുറത്താണ് എം.എസ്.എം സംസ്ഥാന സമ്മേളനം നടക്കുന്നത്.
കെ.എൻ.എം മണ്ഡലം പ്രസിഡന്റ് ഫസൽ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എസ്.എം മണ്ഡലം സെക്രട്ടറി റാഷിദ് മണമൽ സ്വാഗതം ആശംസിച്ചു. പ്രമുഖ യുവ വാഗ്മി സാബിക് പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി. സമാധാനത്തിന്റെ സന്ദേശമാണ് മതം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത് വലിയ സാമൂഹിക വിപത്താണെന്നും അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.എൻ.എം മണ്ഡലം സെക്രട്ടറി ടി.വി. അബ്ദുൽ ഖാദർ നന്ദി രേഖപ്പെടുത്തി.
