കെഎസ്ആർടിസിയിൽ കട്ടപ്പുറത്തുള്ളത് 665 ബസുകൾ; 1,900-ലേറെ വണ്ടികൾക്ക് 15 വർഷത്തിലേറെ പഴക്കം, ഞെട്ടിക്കുന്ന കണക്കുകളുമായി വിവരാവകാശ രേഖ

news image
Oct 4, 2026, 1:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെഎസ്ആർടിസിയുടെ പ്രവർത്തനം സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം കോർപ്പറേഷൻറെ പക്കൽ സ്വിഫ്റ്റ് ഉൾപ്പെടെ ആകെ 5,755 ബസുകളാണ് ഉള്ളത്. എന്നാൽ ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്താണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അപേക്ഷകനായ മുഹമ്മദ് അഷറഫ് എ എസിന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ആകെ ലഭ്യമായ ബസുകളിൽ ഏറ്റവും കൂടുതൽ ഓർഡിനറി വിഭാഗത്തിലാണ്—2,988 എണ്ണം. സി എഫ് റിപ്പയർ, അപകടങ്ങളെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വിവിധ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലുമായി കിടക്കുന്നത് 665 ബസുകളാണ്. ഇതിൽ 281 ഓർഡിനറി ബസുകളും, 58 ജെഎൻഎൻയുആർഎം നോൺ-എസി ബസുകളും, 50 ഫാസ്റ്റ് പാസഞ്ചറുകളും ഉൾപ്പെടുന്നു. കൂടാതെ ഏഴ് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലാണ്.

കാലാവധി കഴിഞ്ഞ പഴഞ്ചൻ ബസുകളാണ് സർവീസുകളിൽ ഭൂരിഭാഗവും എന്ന വസ്തുതയും രേഖകൾ സ്ഥിരീകരിക്കുന്നു. 1,892 ഓർഡിനറി ബസുകളും 22 ജെൻറം വോൾവോ ലോ ഫ്ലോർ എസി ബസുകളും ഉൾപ്പെടെ ആകെ 1,914 ബസുകൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്. കാലപ്പഴക്കം ചെന്നതും അധിക അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതുമായ ബസുകൾ സെൻട്രൽ അല്ലെങ്കിൽ റീജിയണൽ വർക്ക്ഷോപ്പുകൾ മുഖേന വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ഈ സമിതി നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എം/എസ് എം.എസ്.ടി.സി (M/s MSTC) മുഖേനയാണ് വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള 82 ബസുകൾ സ്ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സ്ഥാപനത്തിൻറെ വരവ്-ചെലവ് കണക്കുകളും ബാധ്യതകളും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിഎജി ഓഡിറ്റ് ചെയ്ത ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 മാർച്ച് 31 വരെയുള്ള ബാലൻസ് ഷീറ്റ് അനുസരിച്ച് കെഎസ്ആർടിസിയുടെ ആകെ ബാധ്യതകളും ആസ്തികളും 20,157 കോടിയിലധികം രൂപയാണ് (2,01,57,07,66,549.65 രൂപ). ഡിപ്പോകളിൽ നിന്നും സബ് ഡിപ്പോകളിൽ നിന്നുമുള്ള വാടകയിനത്തിലുള്ള വരവ് സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ നേരിട്ടെത്തി പരിശോധിക്കാവുന്നതാണെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe