പയ്യോളി: തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആഘോഷം വിവിധ പൂജാകർമ്മങ്ങളോടെയും ഭക്തിനിർഭരമായ ചടങ്ങുകളോടെയും നടന്നു. നവംബർ 24 ചൊവ്വാഴ്ച നടന്ന ആഘോഷത്തിൽ നിരവധി ഭക്തർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ശ്രീ കുന്നിമഠത്തില്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ശ്രീ നാരായണ മംഗലത്ത് മാധവൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.
രാവിലെ 6.30ന് ക്ഷേത്രനട തുറന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ 7ന് വിശേഷാൽ പൂജയും വൈകിട്ട് 6.15ന് ദീപാരാധനയും രാത്രി 7.30ന് അത്താഴപൂജയും നടന്നു. ഉച്ചക്ക് 12.30 മുതൽ നടന്ന അന്നദാനത്തിൽ നുറുകണക്കിന് ഭക്ത ജനങ്ങൾ പങ്കു ചേർന്നു . മൃത്യുഞ്ജയഹോമം, സർവൈശ്വര്യപൂജ, പട്ടുചാർത്തൽ, മാലചാർത്തൽ, കലശം, കാർത്തിക ദീപം തുടങ്ങിയ വഴിപാടുകളും ഭക്തരുടെ പങ്കാളിത്തത്തോടെ നടന്നു. കാർത്തിക ദീപങ്ങൾ തെളിഞ്ഞതോടെ ക്ഷേത്രപരിസരം ഭക്തിനിർഭരമായി. ആഘോഷത്തിന്റെ ഭാഗമായി നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ചടങ്ങുകൾ ഭംഗിയായി നടത്താൻ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും നേതൃത്വം നൽകി.
