മലപ്പുറം: പതിനെട്ടുകാരിക്ക് പിന്നാലെ ഫെയർനെസ് ക്രീം ഉപയോഗിച്ച മറ്റൊരു പതിനെട്ടുകാരന് കൂടി മലപ്പുറത്ത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. പതിനെട്ടുകാരൻ ഒരു വർഷത്തോളം ചികിത്സ തേടി. താൻ ഉപയോഗിച്ച ക്രീം ആണ് ഇപ്പോൾ പേര് മാറ്റി ഫേസ് ട്യൂൺ ആയി വിപണിയിൽ എത്തുന്നത് എന്ന് പതിനെട്ടുകാരൻ പറയുന്നു.
2021ലാണ് സംഭവം നടക്കുന്നത്. ആ സമയത്ത് എനിക്ക് 18 വയസാണ്. മുഖക്കുരു അടക്കമുള്ള പ്രശ്നങ്ങൾ വന്നപ്പോൾ അയൽവാസിയായ ആളാണ് ക്രീമിന്റെ കാര്യം പറയുന്നത്. ഉപയോഗിച്ച സമയത്ത് നല്ല റിസൾട്ട് ഉണ്ടായിരുന്നു. മൂന്നോ നാലോ ബോട്ടിൽ ഉപയോഗിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ക്ഷീണം ഉൾപ്പടെയുള്ള കാര്യങ്ങളുണ്ടാകുന്നത്. മലപ്പുറത്തുള്ള നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ശരീരത്തിൽ നിന്ന് പ്രോട്ടീൻ മൂത്രം വഴി പുറത്ത് പോവുകയാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഒന്നര വർഷത്തോളം ചികിത്സ നടത്തി. 17 കാരി ഉപയോഗിച്ച അതുപോലുള്ള ക്രീമാണ് ഞാനും ഉപോഗിച്ചത്. മുഖത്തെ പ്രശ്നങ്ങൾ മാറുമ്പോൾ നമ്മുടെ ഉള്ളിൽ പ്രശ്നങ്ങൾ ഉണ്ടായി വരികയാണ് – ഇയാൾ പറഞ്ഞു.
അതിനിടെ, മലപ്പുറത്ത് പതിനെട്ടുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിക്കാൻ കാരണമായ എഫ് ട്യൂൺ ഫെയർനെസ് ക്രീം കാസർഗോഡ് നിന്ന് എന്നാണ് സൂചന. എഫ് ട്യൂൺ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പർ പ്രവർത്തിക്കുന്നത് കാസർഗോഡ് ആണ്. കമ്പനിയുടെ കസ്റ്റമർ കെയർ മൊബൈൽ നമ്പർ കാസർഗോട്ടെ ഒരു സ്ത്രീയുടെ പേരിലാണ്. നമ്പറിന്റെ ഉടമക്ക് ഇന്ന് പൊലീസ് നോട്ടിസ് നൽകും.
അതേസമയം, ഫേസ്ട്യൂൺ ക്രീമിന്റെ ഉപയോഗം മൂലം 18കാരിക്ക് ഗുരുതരവൃക്ക രോഗം ബാധിച്ച സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകും. ഇന്നലെ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ സംഘം കുട്ടിയെ ചികിൽസിച്ച ആശുപത്രിയിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ക്രീം പ്രമോട്ട് ചെയ്ത വ്ലോഗർമാരും അന്വേഷണപരിധിയിൽ ഉണ്ട്.
