പയ്യോളി :പയ്യോളി മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 8മുതൽ 13വരെ കിഴുരിൽ നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടിൽ മഹാത്മാ നാടകോത്സവം സംഘടിപ്പിക്കുന്നു. 6 ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവം അഡ്വ.കെ പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സദസ്സിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ വിശിഷ്‌ട അഥിതിയായിരിക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ നാടക അവതരണത്തിന് മുന്നോടിയായി നടക്കുന്ന സാംസ്‌കാരിക സദസ്സുകളിൽ യു കെ.കുമാരൻ, രമേശ് കാവിൽ, ചന്ദ്രശേഖരൻ തിക്കോടി, ദീപ ഡി ഓൾഗ, സോമൻ കടലൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. നവംബർ 13-ന് നടക്കുന്ന സമാപന സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. പയ്യോളി നഗരസഭാ ചെയർപേഴ്‌സൺ എൻ. സാഹിറ വിശിഷ്ടാതിഥിയായിരിക്കും.ഒന്നാം ദിവസം നവംബർ 8ന് ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യ പത്തനാപുരം അവതരിപ്പിക്കുന്ന കൂട്, രണ്ടാം ദിവസം നവംബർ 9ന് അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിക്കുന്ന കളം, മൂന്നാം ദിവസം നവംബർ 10ന് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന ഞാൻ അപ്രസക്തൻ, നാലാം ദിവസം നവംബർ 11ന് തിരുവനന്തപുരം സാരഥി അവതരിപ്പിക്കുന്ന ഇരുവർ, അഞ്ചാം നവംബർ 12ന് ദിവസം കൊല്ലം അനശ്വര അവതരിപ്പിക്കുന്ന രാവണൻ സമാപന ദിവസമായ നവംബർ 13ന് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന ശ്വാസം എന്നിവ വേദിയിൽ അരങ്ങേറും.നാട്ടിൽ നവോത്ഥാന വെളിച്ചം വിതറാൻ സഹായിച്ച കലാരൂപം എന്ന നിലയിൽ നാടക കലയെ പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ജനകീയ മാക്കുക എന്ന ലക്ഷ്യവും നാടകോത്സവത്തിന് പിന്നിലുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു . പത്ര സമ്മേളനത്തിൽ കെ.ടി വിനോദൻ, പി. എൻ അനിൽകുമാർ, പി.എം അഷ്‌റഫ്, കെ.ടി സത്യൻ, ശശികുമാർ കീഴങ്കോട്ട്, കെ. കെ മനോജ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
പയ്യോളിയിൽ നാടകവസന്തം: മഹാത്മാ നാടകോത്സവത്തിന് നവംബർ 8-ന് തിരിതെളിയും
Nov 6, 2026, 4:20 pm GMT+0000
payyolionline.in
