കോഴിക്കോട് ∙ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 19.240 ഗ്രാം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി മുഹമ്മദ് അയാത്തുളിനെ (32) സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നു പിടികൂടി.
ഞായറാഴ്ച വൈകിട്ട് മെഡിക്കൽ കോളജ് എസ്ഐയും സംഘവും പട്രോളിങ് ഡ്യൂട്ടിക്കിടെ കുറ്റിക്കാട്ടൂർ കോട്ടാംപറമ്പ് റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ പൊലീസിനെ കണ്ട ഇയാൾ അസ്വാഭാവികമായി പെരുമാറുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നതിനിടെ പ്രതി ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗർ പൊലീസ് കണ്ടെത്തുകയായിരുന്നു.
പ്രതി ബംഗാളിൽ പോയി വരുന്ന സമയത്ത് വലിയ അളവിൽ ലഹരി മരുന്ന് ട്രെയിൻ മാർഗം കേരളത്തിൽ എത്തിച്ച ശേഷം ഇതര സംസ്ഥാന തൊഴിലാളികൾക്കും യുവാക്കൾക്കും മറ്റും ചെറു പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചു വരുന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ ബംഗാളിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തിയിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചു.
മെഡിക്കൽ കോളജ് എസ്ഐ എം.കെ. ബവിത, സിവിൽ പൊലീസ് ഓഫിസർമാരായ വൈശാഖ്, പ്രവീൺ, ഹോംഗാർഡ് അനിൽകുമാർ, ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിപിഒ മാരായ സുനോജ്, തൗഫീക്ക്, മുഹമ്മദ് മഷൂർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
