നാദാപുരം: നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിന് സമീപം ഇടീക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്തിന്റെ (43) മൃതദേഹമാണ് ഇന്ന് രാവിലെ പുഴയിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് പുലർച്ചെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് പുലർച്ചെ കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിലാണ് രഞ്ജിത്ത് ഇറങ്ങിയതെന്ന് ഭാര്യയും കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ സബിന പറഞ്ഞു. എന്നാൽ പുലർച്ചെ 5.30 ഓടെ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരികിൽ രഞ്ജിത്ത് സഞ്ചരിച്ച KL 18 Y 1967 നമ്പറിലുള്ള സ്കൂട്ടർ നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്കൂട്ടറിനൊപ്പം കുടയും രഞ്ജിത്തിന്റെ ചെരുപ്പും പുഴക്കരയിൽ കണ്ടെത്തിയതോടെയാണ് ഒഴുക്കിൽപ്പെട്ടതാണെന്ന സംശയമുയർന്നത്. തുടർന്ന് രാവിലെ 8.30 മുതൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഒരു വർഷം മുൻപ് രഞ്ജിത്തിന്റെ ബന്ധു റോഷിലും ഇതേ വിഷ്ണുമംഗലം പുഴയിൽ വീണ് മരിച്ചിരുന്നു. വളയം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
