പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ വിധി പറയവെ കൂസലില്ലാതെ പ്രതി ചെന്താമര. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തൂക്കി കൊന്നോളൂവെന്നായിരുന്നു പ്രതികരണം. തുടർന്നും കോടതിയോട് വെല്ലുവിളിയും ഭീഷണിയും തുടർന്നു. വേണ്ടി വന്നാൽ താൻ മറ്റുള്ളവരേയും കൊല്ലുമെന്ന് ചെന്താമര പറഞ്ഞു. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ല. എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റം എന്നും ചെന്താമര ഭീഷണിപ്പെടുത്തി.
ചെന്താമരയ്ക്ക് മാനസിക പ്രശ്നം ഇല്ലായെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോർട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോൾ തനിക്ക് പ്രശ്നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. പ്രതി ഇനിയും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചതായി കോടതി പറഞ്ഞപ്പോൾ താൻ ഇതുവരെ ജാമ്യം പോലും വാങ്ങിയിട്ടില്ലെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. നിങ്ങൾക്ക് കുറ്റബോധം ഇല്ല, നന്നാവാൻ സാധ്യത ഇല്ല എന്നും പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചതായി കോടതി അറിയിച്ചപ്പോൾ ‘നിങ്ങൾക്ക് വരുമ്പോഴെ ഇത് അറിയൂ, ഞാൻ ആയിട്ട് പോവില്ല, ആരേലും വന്നാൽ വിടില്ല’ എന്നുമായിരുന്നു ചെന്താമരയുടെ മറുപടി.
പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് വിധി. ബിഎൻഎസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ജൂലൈ 15നാണ് കേസിൽ ശിക്ഷ വിധിക്കുക. പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ജൂലൈ 6ന് കേസിൽ വിധി പറയാനിരിക്കെ ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാലിൽ ജൂൺ 30 ന് പൂർത്തിയായിരുന്നു.
2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടക്കുന്നത്. അയൽവാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മി(75)യെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സാജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.
