കളമശ്ശേരി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയ വിവാഹിതയായ യുവതിക്ക് മദ്യവും ലഹരിമരുന്നും നൽകി മയക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് സ്വദേശി ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാകളിലേക്ക് ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന പെൺവാണിഭ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
കളമശ്ശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ രാം ലാൽ, വി.എസ്. ബിനു, സി.പി.ഒ.മാരായ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ സി.കെ. ബിജോയ് ചന്ദ്രൻ അറിയിച്ചു
