തൃശൂർ : ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ഹോട്ടലുകളിൽ പരിശോധന നടത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണവും ഭക്ഷണവും കൈവശപ്പെടുത്തിയിരുന്നയാൾ പിടിയിൽ. വടക്കേക്കാട് വന്നേരിപ്പാട്ട് വീട്ടിൽ മോഹൻബാബുവിനെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ പതിനഞ്ചിലധികം ഹോട്ടലുകളിൽ ഇയാൾ സമാന രീതിയിൽ തട്ടിപ്പു നടത്തി.
ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പോകുന്നതും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതും പതിവായിരുന്നു. ചാവക്കാട് മേഖലയിലെ ഒരു ഹോട്ടലിൽനിന്ന് മാത്രം 36,000 രൂപയുടെ ഭക്ഷണമാണ് ഇയാൾ കഴിച്ചത്. വടക്കേക്കാട്, പുന്നയൂർക്കുളം ഭാഗങ്ങളിൽ സ്ഥിരമായി ഹോട്ടലുകളിലെത്തി സൗഹൃദം സ്ഥാപിച്ച് ഭക്ഷണം കഴിച്ചശേഷം പിന്നീടു പണം നൽകാമെന്നു പറഞ്ഞ് വൻതുക കടം വരുത്തി കബളിപ്പിക്കുന്നതുമായിരുന്നു രീതി. പുന്നയൂർക്കുളം ആൽത്തറയിലെ അമ്പാടി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് ഭീമമായ തുക കടമായ ശേഷം പണം ചോദിച്ചപ്പോൾ നൽകിയ ചെക്ക്, അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതായി പരാതി ഉയർന്നിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ തുകകൾ പല ഹോട്ടലുകളിലും നൽകാനുണ്ടെന്നു പരാതിയുണ്ട്. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ പരാതിയെ തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ ജാമ്യത്തിൽവിട്ടു.
