നാദാപുരം: വിവാഹവീടിന് സമീപം വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം നാദാപുരത്ത് കൂട്ടത്തല്ലിൽ കലാശിച്ചു. തൂണേരി പേരോട് സ്വദേശിയായ വരനൊപ്പമെത്തിയ സുഹൃത്തുക്കളും വധുവിന്റെ വീട്ടുകാരും നാട്ടുകാരുമാണ് ഏറ്റുമുട്ടിയത്. വധുവിന്റെ വീടിന് സമീപത്തുവെച്ച് വരന്റെ സുഹൃത്തുക്കൾ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളത്തോടെ ആഘോഷപ്രകടനം നടത്തുകയും ചെയ്തിരുന്നു. അമിതമായ ശബ്ദവും ആഘോഷവും ഒഴിവാക്കണമെന്ന് വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ വിവാഹച്ചടങ്ങുകൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായി.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കിയത്. സംഘർഷത്തിന് പിന്നാലെ വരന്റെ സുഹൃത്തുക്കളെ വീട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാട് വധുവിന്റെ വീട്ടുകാർ സ്വീകരിച്ചു. ഒടുവിൽ വരന്റെ നാട്ടിലെ മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റി ഭാരവാഹികൾ ഇടപെട്ട് ഇരുവീട്ടുകാരുമായി നടത്തിയ അനുരഞ്ജന ചർച്ചകൾക്ക് ശേഷമാണ് വിവാഹച്ചടങ്ങുകൾ പുനരാരംഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
