സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം: നടപടിയുമായി സർക്കാർ, കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ

news image
Nov 17, 2026, 10:51 am GMT+0000 payyolionline.in

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണ സംഭവത്തിൽ നടപടികളുമായി സംസ്ഥാന സർക്കാർ. കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൂപ്പർവൈസറി വീഴ്ചയുടെ പേരിലാണ് നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബി ജീവനക്കാർ അടിയന്തരമായി പട്രോളിംഗ് നടത്തി പരിശോധിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്താൻ വൈദ്യുതി മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ഇക്കാര്യത്തിലുള്ള നിയമപരമായ പരിശോധന പൂർത്തിയാക്കുന്നതിന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് നിർദേശം നൽകി.

പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വൈദ്യുതി വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബോർഡ് നടപടി സ്വീകരിക്കുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.

പൊലീസിൽ പരാതി നൽകി അസിസ്റ്റൻ്റ് എഞ്ചിനീയർ
സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ വെണ്ണിയൂർ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ കെ ബിജു താനൂർ പൊലീസിൽ പരാതി നൽകി. ട്രാക്ടർ കൊണ്ട് നിലം ഉഴുതതിനെ തുടർന്നാണ് സ്റ്റേ വയർ നിലത്ത് നിന്ന് പറിഞ്ഞ് പോയതെന്നാണ് ഉദ്യോഗസ്ഥൻ പരാതിയിൽ പറയുന്നത്. സംഭവം അന്വേഷിക്കണമെന്നാണ് ആവശ്യം. വരമ്പിലെ പോസ്റ്റ് അപക‌ടാവസ്ഥയിലായതും നിലം ഉഴുതത് കൊണ്ടെന്നാണ് വാദം.

പാടത്ത് കളിക്കുന്നതിനിടെ ദാരുണാന്ത്യം
തിരൂരങ്ങാടി ചെറുമുക്കിൽ വീടിന് സമീപത്തെ പാടത്ത് കളിക്കുന്നതിനിടെ ആണ് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീൻ്റെ മകൻ ജുനൈദിന് (13) ഷോക്കേറ്റ് ദാരുണാന്ത്യം സംഭവിച്ചത്. സ്റ്റേ വയറിൽ തൊട്ടയുടൻ തന്നെ വിദ്യാർത്ഥിക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ആരോപണം ശക്തമായിരുന്നു. പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാധ്യത സംബന്ധിച്ചു നേരത്തെ പരാതി ഉയർന്നിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാർ തമ്മിൽ തർക്കമുണ്ടായി. ജൂനൈദിൻ്റെ മരണത്തിൽ കെഎസ്ഇബി മാപ്പ് പറഞ്ഞിരുന്നു. സംഭവം സങ്കടകരമാണെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്നുമായിരുന്നു കെഎസ്ഇബിയുടെ പ്രതികരണം. അപകടത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ആശ്വസിപ്പിച്ചു മന്ത്രി
വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ജുനൈദിൻ്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. കുട്ടിയുടെ പിതാവുമായി സംസാരിച്ച മന്ത്രി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായി അറിയിച്ചിരുന്നു. ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. 13കാരൻ്റെ മരണത്തിൽ നടപടി വൈകുന്നതിൽ യൂത്ത് ലീഗ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe