കണ്ണൂർ: കണ്ണൂർ ഇരിക്കൂറിലെ കുഞ്ഞാമിന കൊലക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പത്തു വർഷത്തിന് ശേഷം പിടിയിൽ. കുഞ്ഞാമിനയെ കൊലപ്പെടുത്തി സ്വർണം കൈക്കലാക്കിയ ശേഷം മുങ്ങിയ അബ്ബാസലിയാണ് ദില്ലിയിൽ വെച്ച് ക്രൈംബ്രാഞ്ചിൻറെ പിടിയിലായത്. കേസിൽ കൂട്ടു പ്രതികളായിരുന്ന അബ്ബാസലിയുടെ അമ്മയും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു.
ഏറെ കോളിളക്കമുണ്ടായ കൊലപാതകമായിരുന്നു ഇരിക്കൂറിലെ കുഞ്ഞാമിനയുടേത്. സ്വന്തം ഉടമസ്ഥതയിലുള്ള ക്വാർട്ടേ്സിൽ 2016 ഏപ്രിലിൽ 30നാണ് കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തിയത്. വസ്ത്ര വ്യാപാരികളെന്ന് പരിചയപ്പെടുത്തി ദില്ലി സ്വദേശികളായ പർവീൺ ബാനു, മക്കളായ സക്കീന ഫാത്തിമ, അബ്ബാസ് അലി എന്നിവർ ഇരിക്കൂറിലെത്തി. പണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ ഇവർക്ക് നാട്ടുകാർ കുഞ്ഞാമിനയുടെ വാടക ക്വാർട്ടേഴ്സിൽ താമസ സൗകര്യവുമൊരുക്കി. അടുത്ത വീട്ടിൽ താമസിച്ചിരുന്ന കുഞ്ഞാമിനയുമായി മൂവരും വേഗത്തിൽ അടുപ്പത്തിലായി.
കുഞ്ഞാമിനയെ കൊലപ്പെടുത്തി സ്വർണവും പണവും കവരാനായിരുന്നു ഇവരുടെ പദ്ധതി. വാടക ചോദിച്ച് മുറിയിലെത്തിയ കുഞ്ഞാമിനയെ മൂന്നു പേരും ചേർന്ന് കസേരയിൽ കെട്ടിയിട്ടു. വായിൽ ഇൻസുലേഷൻ ടേപ് ഒട്ടിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സ്ക്രൂ ഡ്രൈവറുപയോഗിച്ച് കുത്തി കൊലപ്പെടുത്തി. ആഴത്തിലേറ്റ 19 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. കൊലക്ക് ശേഷം കുഞ്ഞാമിനയുടെ പത്തു പവനോളം സ്വർണവുമായി സംഘം രക്ഷപ്പെട്ടു. വ്യാജ മേൽവിലാസമായിരുന്നു ഇവർ എല്ലാവർക്കും നൽകിയത്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മധ്യപ്രദേശിൽ നിന്നും കഴിഞ്ഞ മാർച്ചിൽ പർവീൺ ബാനുവിനേയും സക്കീന ഫാത്തിമയേയും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദില്ലിയിൽ വെച്ച് അബ്ബാസ് അലി പിടിയിലായത്.
ദില്ലിയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ പത്തു ദിവസമായി ക്രൈംബ്രാഞ്ച് സംഘം ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നു. ഓൺലൈൻ തട്ടിപ്പുകളടക്കം നടത്തി പണമുണ്ടാക്കുകയായിരുന്നു ഇയാളുടെ ഇപ്പോളത്തെ രീതിയെന്ന് അന്വേഷണ സംഘം പറഞ്ഞു. ആന്ധ്രാപ്രദേശിലും സമാന രീതിയിൽ കവർച്ച നടത്തിയതിന് മൂവരുടേയും പേരിൽ കേസുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷമാണ് ഇവർ അടുത്ത കുറ്റകൃത്യം ചെയ്യുന്നത്.
