നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നൽകിയ ഹർജി തള്ളി

news image
Nov 17, 2026, 10:15 am GMT+0000 payyolionline.in

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന അഭിഭാഷക ടി ബി മിനിയുടെ ഹർജി തള്ളി. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചു എന്നായിരുന്നു പരാതി. അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിൽ നടപടി ആവശ്യപ്പെട്ടായിരുന്നു അഡ്വ. ടി ബി മിനിയുടെ ഹർജി.

കേസ് പരിഗണിക്കുമ്പോൾ ടിബി മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. 2026 ജനുവരി 12 ന് നടത്തിയ ഈ പരാമർശം കാരണം തൻറെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബർ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഹർജിയിൽ ടിബി മിനി പറയുന്നു. നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അഡ്വക്കറ്റ് ജനറലിന് ടിബി മിനി പരാതി നൽകിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ, പരാമർശം വിധിയുടെ ഭാഗമാക്കിയില്ലെന്നും കോടതിയലക്ഷ്യ പരിധിയിൽ വരില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഹർജി തള്ളിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe