മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ 11-ാം ദിവസത്തിലേക്ക്; തമിഴ്‌നാട് തീരങ്ങളിലും തിരച്ചിൽ

news image
Aug 10, 2026, 4:48 am GMT+0000 payyolionline.in

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കുന്ന തിരച്ചിലിൽ കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും പങ്കെടുക്കുന്നുണ്ട്. കടലിലെ വെള്ളത്തിന്റെ ഒഴുക്ക് തെക്ക് ഭാഗത്തേക്കാണ്. തമിഴ്‌നാട് തീരങ്ങൾ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചിൽ നടക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മുതലപ്പൊഴിയിൽ നേവിസംഘം രാവിലെ തിരച്ചിൽ നടത്തില്ല. ഐഎൻഎസ് കൽപ്പേനി നീണ്ടകരയിലേക്ക് തിരികെ പോയി. അവിടെ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിൽ ഭാഗമാകും.

മുതലപ്പൊഴിയിൽ കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ സാധ്യമല്ലെന്നാണ് നേവി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് രാവിലെ നേവി തിരച്ചിൽ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇന്നലെ നേവിസംഘം എത്തിയിരുന്നെങ്കിലും തിരച്ചിൽ നടത്താനായില്ല. ഷിജിനെ കാണാതായിട്ട് ഇന്ന് 11-ാം ദിവസമാണ്. സ്‌കൂബാ സംഘം അടക്കം തിരച്ചിൽ നടന്നിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തി വെക്കേണ്ടി വന്നിരുന്നു. കുടുംബം വലിയ പ്രതിഷേധം നടത്തിയതിന്റെ ഭാഗമായിട്ടാണ് സ്‌കൂബാ സംഘം അടക്കം തിരച്ചിലിന് എത്തിയത്. കോസ്റ്റൽ പൊലീസ് പലരേയും ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും ഇറങ്ങാൻ തയ്യാറായില്ല. അതുകൊണ്ടുതന്നെ തിരച്ചിൽ വൈകുന്ന സാഹചര്യത്തിൽ തങ്ങളുടെ ആളുകൾ സ്വന്തം നിലയിൽ തിരയുന്നുണ്ടെന്നും പ്രതിസന്ധി മറികടന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിജിന്റെ ഭാര്യാ സഹോദരി നേരത്തെ പറഞ്ഞിരുന്നു.

മുതലപ്പൊഴിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നട്ടപ്പോഴാണ് സംഭവസ്ഥത്ത് സ്‌കൂബ സംഘം എത്തിയത്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതിൽ മത്സത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും വ്യാപക പ്രതിഷേധം നടത്തിയിരുന്നു. അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തിൽ തിരച്ചിൽ നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ ഫിഷറീസ് മന്ത്രിയുടെ നിലപാടിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe