കോഴിക്കോട്: ആനക്കൊമ്പ് കടത്തിയ സംഭവത്തിൽ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കക്കോടി പാലത്ത് നൂർ മൻസിൽ അസീൽ, താമരശ്ശേരി സ്വദേശി പരീത്, കോട്ടയം പാമ്പാടി സ്വദേശി കെ. വി. വിൻസന്റ്, കക്കോടി പാലത്ത് മുഹമ്മദ് റിഹാൻ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ദിൽഷാദ് എന്നിവരാണ് പിടിയിലായത്.
കക്കോടി സ്വദേശി അസീലിന്റെ വീട്ടിൽ നിന്നാണ് ആനക്കൊമ്പ് കണ്ടെടുത്തത്. സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വ്യാപകമാകുന്നുവെന്ന വിവരത്തെ തുടർന്ന് വനം ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. ഇവർ ആനവേട്ട നടത്താറുണ്ടോയെന്നും മറ്റ് ഇടനിലക്കാരാണോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
