കോമത്ത്കരയിൽ ബൈപ്പാസ് എൻട്രി, എക്സിറ്റ് സംബന്ധിച്ച ആശങ്ക; എം.എൽ.എ.യുടെ നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ. അധികൃതർ സ്ഥലപരിശോധന നടത്തി

news image
Oct 20, 2026, 1:26 pm GMT+0000 payyolionline.in

കൊയിലാണ്ടി: അഴിയൂർ വെങ്ങളം ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ നിന്നും ബൈപാസിലേക്കുളള പ്രവേശനം ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി എൻട്രി എക്സിറ്റ് എന്നിവ അനുവധിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ. റോഡ് കൺസ്ട്രക്ഷൻ എഞ്ചിനീയർ വൈശാഖും സംഘവും മണൽ, കോമത്ത്കര എന്നീ സ്ഥലം സന്ദർശിച്ചു. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മണമൽഭാഗത്ത് സർവീസ് റോഡിലേക്ക് എൻട്രി അനുവദിച്ചുകഴിഞ്ഞാൽ ബാലുശ്ശേരിയിലേക്ക് പോകുന്നതിനും, കോഴിക്കോട് നിന്നും വരുന്ന വാഹനങ്ങൾക്ക് ബൈപ്പാസിൻ്റെ പടിഞ്ഞാറു ഭാഗത്ത് എക്സിറ്റ് അനുവദിച്ചാൽ കൊയിലാണ്ടി ടൗണിലേക്കും ഗതാഗതത്തിന് ഗുണകരമാകും. ബാലുശ്ശേരി,താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾക്ക് കോഴിക്കോട് ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് കോമത്ത് കര വി.ഒ.പി കഴിഞ്ഞ് CH NO 224 + 500 ൽ ഒരു എൻട്രിയും കോഴിക്കോട് നിന്നും വരുന്ന വാഹനങ്ങൾക്ക് പ്രസ്തുത ഭാഗത്ത് പടിഞ്ഞാറ് ഭാഗത്തായി ഒരു എക്സിറ്റും അനുവദിച്ചാൽ ഗതാഗതത്തിന് ഗുണകരമാകും. CHNO 222 നും CH 225 നും ഇടയിൽ രണ്ട് ഇടങ്ങളിൽ എൻട്രി ,എക്സിറ്റ് സംവിധാനം ഒരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. NH ൻ്റെ റോഡ് സേഫ്റ്റി ഡിപ്പാർട്ട് മെൻ്റ് അധികൃതരുമായി സ്ഥല പരിശോധന നടത്തി തീരുമാനം അന്തിമമാക്കുന്നതിന് നവംബർ ആദ്യവാരം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒന്നിച്ചുള്ള പരിശോധന നടത്തുവാൻ തീരുമാനിച്ചു. നഗരസഭാ ചെയർമാൻ ശ്രീ യു.കെ ചന്ദ്രൻ , പൊതുമരാമത്ത് ചെയർമാൻ ദൃശ്യ, കൗൺസിലർമാരായ രമ്യ മനോജ്, ദാമോദരൻ കെ.കെ, ബിജു. പി.എം, മൈഥിലി സോമൻ എന്നിവരും രാജേഷ് കീഴരിയൂർ , ചന്ദ്രശേഖരൻ , തൻഹീർ കൊല്ലം, കെ .പി വിനോദ് കുമാർ, ബാബു മണമൽ സോമൻ കെ.എം , സുധർശൻ, രാമകൃഷ്ണൻ മണമൽ, തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe