തിരുവനന്തപുരം: കോവളത്ത് സ്പായിൽ പതിനാറുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് പുറത്തുവരുന്ന വിവരങ്ങൾ. മാതൃസഹോദരിയുടെ നേരിട്ടുള്ള കാവലിലാണ് കുട്ടിക്ക് നേരെ പീഡനം നടന്നിരുന്നത്. മുറിക്ക് പുറത്ത് പ്രതിയായ സ്ത്രീ കാവൽ നിൽക്കുകയും, ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നാൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ പീഡനങ്ങളെ തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധ ഉണ്ടായതായും ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാതൃസഹോദരിയും ലൈംഗിക ചൂഷണം നടത്തിയവരും ഒരുപോലെ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. കുട്ടി രക്ഷപ്പെടാതിരിക്കാൻ എപ്പോഴും കൂടെ ഒരാളുടെ കാവലുണ്ടായിരുന്നു.
കേസിൽ മനുഷ്യക്കടത്തടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്പായിൽ എത്തിയ പ്രതികളായ ഉപഭോക്താക്കളും ഉടൻ കുടുങ്ങുമെന്നാണ് വിവരം. കഴിഞ്ഞ ജൂലൈ മുതൽ സ്പായിൽ എത്തിയ സന്ദർശകരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
പട്ടികയിലുള്ളവരുമായി പതിനാറുകാരിയെ വെച്ച് പോലീസ് തിരിച്ചറിയൽ പരേഡ് നടത്തും. കുട്ടി തിരിച്ചറിയുന്ന പക്ഷം ഇവരുടെ പേരിൽ പോക്സോ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. പെൺകുട്ടിയെ എത്തിച്ച സ്പായിലെ രജിസ്റ്ററുകളും സി.സി.ടി.വി. ദൃശ്യങ്ങളും ഇതിനോടകം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിദിനം 1,000 മുതൽ 5,000 രൂപ വരെ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇവർ നടത്തിയത്. ആവശ്യക്കാരെ സ്പായിലേക്ക് എത്തിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കമ്മീഷനായി 1,000 രൂപ വരെ ലഭിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്.
കേസിൽ പെൺകുട്ടിയുടെ ഇളയമ്മയെയും ഇവരുടെ ഭർത്താവിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടി, അമ്മയുടെ അനിയത്തിയുടെ സംരക്ഷണയിലാണ് വളർന്നിരുന്നത്. എന്നാൽ ഇവർ പണത്തിന് വേണ്ടി കുട്ടിയെ ക്രൂരമായ ലൈംഗിക വാണിഭത്തിന് ഇരയാക്കുകയായിരുന്നു. സ്പാ ജീവനക്കാരന്റെ സഹായത്തോടെ രക്ഷപ്പെട്ട പെൺകുട്ടിയെ കേരളത്തിന് പുറത്ത് കൊണ്ടുപോയി വീണ്ടും വിൽക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. എന്നാൽ വ്യാജ ആധാർ കാർഡിലെ വിവരങ്ങളിൽ സംശയം തോന്നിയ പോലീസ് ആന്ധ്രപ്രദേശിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് വരുത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞതും ക്രൂരകൃത്യങ്ങൾ പുറത്തുവന്നതും. ദക്ഷിണ മേഖല ഐ.ജി. ആർ. നിശാന്തിനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
