തിരുവനന്തപുരം∙ യുഡിഎഫ് പ്രഖ്യാപിച്ച 5 ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. രണ്ട് ഗാരന്റികൾ സർക്കാർ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10,000 ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് സഹായം നൽകും. കാർഷിക മേഖലയെ സഹായിക്കും. ഉന്നത വിദ്യാഭ്യാസമേഖലയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കും.
യുഡിഎഫ് സർക്കാരിന്റെ ആദ്യത്തെ നയപ്രഖ്യാപനം ഇന്നു നടന്നു. കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ആ നയവ്യതിയാനവും പ്രഖ്യാപനവുമാണ് ഗവർണർ നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാദ്ഗാനങ്ങൾ പൂർണമായി നടപ്പിലാക്കും. വെല്ലുവിളികളെ അതിജീവിച്ച് പുതുയുഗത്തിലേക്ക് യാത്ര തുടരും.
