ഗവേഷണത്തിന് പകരം തൂപ്പുപണി, സംവരണം അധിക്ഷേപിച്ചു’; മലയാള സർവ്വകലാശാല അധ്യാപകനെതിരെ ഗവേഷക വിദ്യാർത്ഥിനി

news image
Jul 22, 2026, 10:15 am GMT+0000 payyolionline.in

മലപ്പുറം: മലയാളസർവ്വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാർത്ഥിനി. അധ്യാപകനായ ഡോ. അരുൺ ബാബുവിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്നും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ച് പരിസ്ഥിതി പഠന വിഭാഗം വിദ്യാർത്ഥിനിയായ എറണാകുളം സ്വദേശിനിയാണ് രംഗത്തെത്തിയത്. 2024ൽ പ്രവേശനം ലഭിച്ച സമയത്ത് ഡയറക്ടറായിരുന്ന അധ്യാപകൻ ഡോ. അരുൺ ബാബു പരസ്യമായി ജാതി അധിഷേപം നടത്തിയെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

‘ഗവേഷണേതര തൊഴിലുകളായ തൂപ്പുപണി, പൊടി തുടപ്പിക്കൽ, ലാബിലെ വസ്തുക്കൾ അടുക്കിവെയ്ക്കൽ എന്നിവയെല്ലാം ചെയ്യിപ്പിച്ചു. ഗവേഷണം സംബന്ധിച്ച് യാതൊരു സഹായങ്ങളും തന്നിട്ടില്ല. രണ്ടുവർഷമായതോടെ നിരവധി പരാതികൾ നൽകി. പലതവണ മഴയത്ത് നിന്നിട്ടുണ്ട്. ഇവിടെ പിഎച്ച്ഡി ചെയ്യണമെങ്കിൽ ഞാൻ പറയുന്നത് കേൾക്കണമെന്നായിരുന്നു പക്ഷം. ജാതികാരണമാണ് ഫെല്ലോഷിപ്പ് കിട്ടിയത്. അല്ലാതെ കഴിവ് കൊണ്ടല്ല എന്നും പറയുമായിരുന്നു’, വിദ്യാർത്ഥിനി ആരോപിച്ചു.

രണ്ട് വർഷമായിട്ടും ഗവേഷണ രൂപരേഖ നൽകിയില്ലെന്നു പറഞ്ഞ് ഡോക്ടറൽ കമ്മിറ്റി നടത്തിയില്ലെന്നും വിദ്യാർഥിനി പറയുന്നു.ഇരിക്കാൻ കസേര പോലും തന്നില്ല, മറ്റൊരു അധ്യാപികയും ഇത്തരത്തിൽ പെരുമാറി. ഇതോടെ തനിക്ക് വിഷാദരോഗം പിടിപെട്ടുവെന്നും രണ്ടു തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ വൈസ് ചാൻസലർക്കും റജിസ്ട്രാർക്കും റിസർച്ച് ഡയറക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർത്ഥിനി ആരോപിച്ചു.

അതേസമയം വിദ്യാർഥിനിയുടെ പരാതിയിൽ സർവകലാശാലയിലെ എസ്സി, എസ്ടി സെൽ അന്വേഷണം നടത്തിയതായും തെളിവില്ലെന്ന റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും റജിസ്ട്രാർ ഡോ. കെ എം ഭരതൻ പറഞ്ഞു. ജാതി അധിഷേപം സർവകലാശാലയിലെ എസ്സി/എസ്ടി സെൽ അന്വേഷിച്ചു. തെളിവില്ലെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. വിദ്യാർത്ഥിനിയുടെ വിഷയത്തിൽ സ്‌പെഷലൈസ്ഡ് അധ്യാപകർ സർവകലാശാലയിലില്ല. ഇതിനായി ഒരു കോ ഗൈഡിനെ കൊണ്ടുവരാനും സൗകര്യങ്ങളുള്ള ലാബ് ഉപയോഗിക്കാനും അറിയിച്ചു. സർവകലാശാലയുടെ നിയമം പറയുന്ന രീതിയിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഹോസ്റ്റലിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടുള്ള ഹിയറിങ് നടത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് നൽകുമെന്നും ഡോ. കെ. എം ഭരതൻ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe