കോഴിക്കോട്: ഡോക്ടർ ദമ്പതിമാരുടെ ഫ്ളാറ്റിലെ സ്വർണാഭരണം കവർന്ന കേസിൽ വീട്ടുവേല ചെയ്തിരുന്ന മധ്യവയസ്ക അറസ്റ്റിൽ. കോഴിക്കോട് വള്ളയിൽ പുതിയ കടവ് സ്വദേശിനി ഫാത്തീബി (59) യെ ആണ് വള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പി.ടി ഉഷ റോഡിലുള്ള ഹോം ലാൻഡ് സീ ഗേറ്റ് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന ദമ്പതിമാരാണ് കവർച്ചക്കിരയായത്. ഏഴ് പവൻ തൂക്കം വരുന്ന ആഭരണമാണ് കളവ് പോയത്.
തുടർന്ന് ഡോക്ടറുടെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിൻറെ ഭാഗമായി ഫ്ളാറ്റിൽ വീട്ടുജോലി ചെയ്തിരുന്ന പാത്തീബിയെയും വിളിപ്പിച്ചു. ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്.ഐ ജെയിൻ, എ.എസ്.ഐ രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബിജില മോൾ, സുജിത്ത് എന്നിവർ ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പാത്തീബിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
