കണ്ണൂർ: ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി 16 വർഷത്തിനുശേഷം പിടിയിൽ. പറശ്ശിനിക്കടവ് മാങ്കടവിലെ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി വാഴയിൽ മുഹമ്മദ് അലിയെയാണ് (55) കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കാസർകോട് ഉപ്പളയിൽനിന്ന് അറസ്റ്റുചെയ്തത്.
2010 സെപ്റ്റംബർ 17-നായിരുന്നു സംഭവം. സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യം കാരണം ഭാര്യാസഹോദരങ്ങളായ ജലാലിനെയും ഷംസീറിനെയും മുഹമ്മദ് അലി കുത്തിപ്പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ജലാൽ പിന്നീട് മരിച്ചു. ഷംസീറിന് ഗുരുതരപരിക്കേറ്റിരുന്നു. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് മുഹമ്മദ് അലിയെ അറസ്റ്റ്ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോകുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ് ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എ.സി.പി. വി.വി. മനോജിന്റെയും കണ്ണൂർ എ.സി.പി. ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടിച്ചത്. എസ്.ഐ.മാരായ വിനോദ്, ഷാജി, എ.എസ്.ഐ.മാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കൊലപാതകത്തിനുശേഷം നാടുവിട്ട മുഹമ്മദ് അലി കേരളത്തിലും കർണാടകയിലുമായി വിവിധ സ്ഥലങ്ങളിൽ താമസിച്ചു. വഴിയോരകച്ചവടം നടത്തിയും പാചകത്തൊഴിലാളിയായും ജോലിചെയ്താണ് ഒളിവുകാലം കഴിഞ്ഞിരുന്നത്. നാടുവിട്ടതിനുശേഷം വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധം പുലർത്തിയില്ല. ഇതിനിടയിൽ ഉപ്പളയിൽ മറ്റൊരു വിവാഹംകഴിച്ച് ജീവിക്കുന്നതിനിടയിലാണ് പോലീസ് സംഘം എത്തുന്നത്.
പ്രതിയുടെ നാട്ടിൽ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കാസർകോട്-കർണാടക മേഖലയിൽ താമസിക്കുന്നുണ്ടാകാമെന്ന സൂചന പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് ഉപ്പളയിൽനിന്ന് പിടികൂടിയത്.
