എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി, കുഞ്ഞിന് ജീവൻ നഷ്ടമായി; അമ്മക്കെതിരെ കേസ്

news image
Oct 9, 2026, 9:14 am GMT+0000 payyolionline.in

മലപ്പുറം: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞിൻറെ മരണവുമായി ബന്ധപ്പെട്ട് മാതാവ് വിഞ്ജുഷയ്ക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വിഞ്ജുഷയെയും മകൻ സയാൻ സിദ്ധിനെയും ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. ശ്രീനാഥിൻറെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും വീട്ടിൽ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വിഞ്ജുഷയുടെ ഫോൺ വീട്ടിൽത്തന്നെ ഉണ്ടായിരുന്നതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി.

ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ വീട്ടിന് സമീപത്തെ കിണറ്റിലാണ് ഇരുവരെയും കണ്ടെത്തിയത്. മുണ്ടക്കുളം സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തെ കിണർ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവ് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. കുഞ്ഞിനെ കൈയിൽ ചേർത്തുപിടിച്ച് കിണറിൻറെ പടവിൽ പിടിച്ച നിലയിലായിരുന്നു വിഞ്ജുഷ. നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിഞ്ജുഷ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിൻറെ നിഗമനം. സംഭവത്തിൻറെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe