മൂടാടി: അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ‘ആയുർവേദത്തിലൂടെ ആരോഗ്യം’ എന്ന വിഷയത്തിൽ പ്രത്യേക ആരോഗ്യ ചർച്ചയും ക്ലാസും നടന്നു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശിവപ്രസാദ് ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് തല വയോജന ക്ലബ് പ്രസിഡന്റ് കെ.കെ. ശശി സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. സത്യൻ, വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, കെ.പി. കരീം, സി.ഡി.എസ്. ചെയർപേഴ്സൺ പി.കെ. ഷീജ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മുതിർന്ന പൗരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
