മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി താമസിക്കുന്ന ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില(27)യെയാണ് തിങ്കളാഴ്‌ച ഉച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും കാണിച്ച് യുവതിയുടെ അമ്മാവൻ കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതി നൽകി. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കുമെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്.
ഭർത്താവും വീട്ടുകാരും അഫ്‌സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മുൻപ് പലതവണ കുടുംബപ്രശ്നങ്ങൾ ഉണ്ടായപ്പോൾ മഹല്ല് കമ്മിറ്റിയുടെ മധ്യസ്ഥതയിലും പോലീസ് മുഖേനയും ചർച്ചകൾ നടത്തിയാണ് ഒത്തുതീർപ്പാക്കിയിരുന്നത്. കുട്ടികളുടെ ഭാവി ഓർത്താണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചതെന്നും എന്നാൽ ഇപ്പോൾ സംഭവിച്ചത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിക്കുന്നു. എട്ടും ആറും മാസം പ്രായമുള്ള കുട്ടികളും 11 മാസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടെ മൂന്ന് മക്കളാണ് അഫ്സിലയ്ക്കുള്ളത്. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് അഫ്സിലയുടെ സഹോദരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്‌സില. അയ്സിൻ ആദം, അയിൻ ഹമദ്, അസിൻ ഖൈസ് എന്നിവർ മക്കളും അനസ്, ഷക്കീൽ എന്നിവർ സഹോദരങ്ങളുമാണ്. വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം അഫ്‌സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ കുപ്പാടിത്തറ നടമ്മൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
