തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വജ്രാഭരണങ്ങളും കാണാതായ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി തയ്യാറാക്കിയ നിർണായക റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. റിപ്പോർട്ട് ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് വിഷയം നേരിട്ട് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രിക്ക് കൈമാറുന്നത്. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടും മന്ത്രി ഇതിനൊപ്പം പരിശോധിക്കും. വിവാദങ്ങൾക്കിടയിൽ ക്ഷേത്ര ഭരണസമിതിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ഡിജിപിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ ചർച്ചയാക്കാനും ‘അടുപ്പക്കാർ’ നടത്തുന്ന സുരക്ഷാ ലംഘനങ്ങളിൽ ഭരണസമിതി കർശനമായി ഇടപെടാനുമാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.
കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകരും ആദിത്യവർമ്മയുടെ അടുപ്പക്കാരുമായ ചിലർ ക്ഷേത്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്നുണ്ടെന്ന ഗുരുതരമായ കണ്ടെത്തൽ ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്. ഗണപതി വി അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടക്കൽ ഷൈജു, പദ്മേഷ് പരശുരാമൻ, അശോക് എന്നിവർ സുരക്ഷാ സ്ക്രീനിംഗ് അടക്കം ലംഘിച്ച് പരിശോധനകളൊന്നുമില്ലാതെയാണ് ക്ഷേത്രത്തിൽ കയറിയിറങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്ഥാനമാനങ്ങൾ നോക്കാതെ എല്ലാവർക്കും ഒരേപോലെ സുരക്ഷാ പരിശോധന കർശനമാക്കണമെന്നും പോലീസ് മേധാവി നിർദ്ദേശിക്കുന്നു.
ക്ഷേത്രത്തിലെ അതീവ വിലപിടിപ്പുള്ള വജ്രം പതിച്ച ‘വൈരനാമം’ എന്ന ആഭരണവും ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണവും കാണാനില്ലെന്നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ആറുമാസം മുൻപ് പോളിഷ് ചെയ്യാനായി കൊണ്ടുപോയെന്നാണ് രേഖകളിലുള്ളതെങ്കിലും ഇവ തിരികെ എത്തിച്ചിട്ടില്ല. സമാനമായ രീതിയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണവിളക്കും ആറുമാസം കഴിഞ്ഞിട്ടും ക്ഷേത്രത്തിൽ തിരിച്ചെത്തിച്ചിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
