തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ കൊട്ടാരത്തിലെ നിത്യസന്ദർശകർക്കെതിരെ ഡിജിപിയുടെ റിപ്പോർട്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ലംഘിക്കുന്നത് ‘അടുപ്പക്കാരാണ്’ എന്നാണ് റിപ്പോർട്ട്. സുരക്ഷ ലംഘിക്കുന്നത് കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകരാണെന്നും ഇവർ ആദിത്യവർമയുടെ അടുപ്പക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിപിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഗണപതി വി അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടക്കൽ ഷൈജു, പദ്മേഷ് പരശുരാമൻ, അശോക് എന്നിവരുടെ പേരുകളാണ് റിപ്പോർട്ടിലുളളത്. ഇവർ സുരക്ഷാ സ്ക്രീനിംഗ് അടക്കം ലംഘിക്കുന്നുവെന്നും ക്ഷേത്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും പരിശോധനയില്ലാതെയാണെന്നും റിപ്പോർട്ടിലുണ്ട്. സ്ഥാനമാനങ്ങൾ നോക്കാതെ സുരക്ഷാ പരിശോധന വേണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുളള വജ്രവും സ്വർണവും മോഷണം പോയെന്നായിരുന്നു പൊലീസ് മേധാവിയുടെ റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വജ്രം പതിച്ച ആഭരണമായ ‘വൈരനാമം’ ക്ഷേത്രത്തിൽ നിന്ന് കവർന്നു. ആറുമാസം മുൻപ് പോളിഷ് ചെയ്യാനായി കൊണ്ടുപോയി എന്നാണ് രേഖകളിലുളളത്. ഭക്തർ സംഭാവന നൽകിയ സ്വർണത്തിലും കുറവുളളതായി കണ്ടെത്തിയിട്ടുണ്ട്. സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി ആറുമാസം കഴിഞ്ഞിട്ടും തിരികെ കൊണ്ടുവന്നിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
മാർച്ചിൽ കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നതായി ചൂണ്ടിക്കാട്ടി കൊട്ടാരത്തിലെ മുതിർന്ന അംഗമായ ഗൗരി ലക്ഷ്മിഭായ് പൊലീസിൽ പരാതി നൽകിയിരുന്നു. അലമാരയിൽ സൂക്ഷിച്ച രണ്ടുകോടി രൂപ മൂല്യമുളള ആഭരണങ്ങൾ നഷ്ടമായെന്നാണ് ഗൗരി ലക്ഷ്മിഭായ് പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. രത്നക്കല്ലുകൾ ഉൾപ്പെടെയുളള സ്വർണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് മനസിലായത്. തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
