ആലപ്പുഴ: കേരള പബ്ലിക് സർവീസ് കമ്മീഷന് (പി.എസ്.സി) പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചു. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്ന് (18.07.2026) ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷ പൂർണ്ണമായും റദ്ദാക്കി. വിവിധ കമ്പനി/കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (LGS) ഉൾപ്പെടെയുള്ള തസ്തികകളിലേക്കുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറിപ്പോയത്.
സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് പി.എസ്.സി.യുടെ ഔദ്യോഗിക വിശദീകരണം. ഇതേ തസ്തികയ്ക്കായി ഇന്ന് രാവിലെ നടത്തിയ പൊതു പ്രാഥമിക പരീക്ഷ വിജയകരമായി പൂർത്തിയായിട്ടുണ്ടെന്നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ മാത്രമാണ് റദ്ദാക്കിയതെന്നും അധികൃതർ അറിയിച്ചു. റദ്ദാക്കിയ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉദ്യോഗാർത്ഥികളിൽ നിന്നും ഉയരുന്നുണ്ട്. ചോദ്യപേപ്പർ മാറി നൽകാനിടയായ സാഹചര്യത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താനാണ് പി.എസ്.സി.യുടെ തീരുമാനം. ഇതുസംബന്ധിച്ചുള്ള അന്വേഷണ ഉത്തരവും പുതുക്കിയ പരീക്ഷാ തീയതിയും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും പി.എസ്.സി. പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി
