താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച് പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ വേണ്ടെന്ന് അമ്മ; കാമുകൻ വഞ്ചിച്ചതായി മൊഴി

news image
May 28, 2026, 7:03 am GMT+0000 payyolionline.in

ഹരിപ്പാട്: താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം 19 വയസുകാരി നവജാത ശിശുവിനെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. നിലവിൽ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി, എറണാകുളത്ത് ഒപ്പം ജോലി ചെയ്തിരുന്ന യുവാവ് തന്നെ പ്രണയിച്ച് വഞ്ചിച്ചതാണെന്ന് പോലീസിന് മൊഴി നൽകി. ഇരുവരും അഞ്ച് മാസത്തോളം ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും പിന്നീട് തർക്കങ്ങളെ തുടർന്ന് പിരിയുകയായിരുന്നു. താൻ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും വയറ്റിലെ മറ്റെന്തോ അസുഖമാണെന്നാണ് കരുതിയതെന്നുമാണ് പെൺകുട്ടിയുടെ വാദം.

​കടുത്ത വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് വീട്ടുകാർ പെൺകുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ശുചിമുറിയിൽ വെച്ച് പ്രസവിച്ച യുവതി, തനിയെ മറുപിള്ള വേർപെടുത്തിയ ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. അമ്മ പുറത്തേക്കെറിഞ്ഞ 3.2 കിലോ ഭാരമുള്ള പൂർണ്ണ വളർച്ചയെത്തിയ പെൺകുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യവതിയായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിൽ കഴിയുന്നു.

​പ്രസവത്തിന് ശേഷവും കുഞ്ഞിനെ പരിചരിക്കാനോ സ്വീകരിക്കാനോ അമ്മ തയ്യാറായിട്ടില്ല. തനിക്ക് കുഞ്ഞിനെ വേണ്ടെന്ന കാര്യം പെൺകുട്ടി ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ അധികൃതരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. താൽക്കാലികമായി ഒരു മാസത്തേക്ക് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ കുഞ്ഞിനെ സംരക്ഷിക്കുമെന്നും അതിനുശേഷവും അമ്മ നിലപാട് മാറ്റിയില്ലെങ്കിൽ നിയമപരമായ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഡിഎംഒയുടെ ചുമതല വഹിക്കുന്ന ഡോ. ദിലീപും ആർസിഎച്ച് ഓഫീസർ ഡോ. പാർവതിയും ഹരിപ്പാട് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതി പരിഗണിച്ച് നിയമോപദേശം തേടിയ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ. യുവതിയുടെ രേഖാമൂലമുള്ള പരാതി ലഭിച്ചാൽ വഞ്ചിച്ച കാമുകനെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe