എൽഡിഎഫ് ഭരണത്തുടർച്ചയിൽ സംശയമില്ല; ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

news image
May 3, 2026, 7:37 am GMT+0000 payyolionline.in

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്നും ജനങ്ങൾ ഇടതുപക്ഷത്തെ തുടർന്നും അധികാരത്തിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാർ മണ്ഡലങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. രാഷ്ട്രീയവും സ്ഥാനാർത്ഥിയും തന്നെയാണ് വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. നിഷ്പക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ ജനവിഭാഗങ്ങളും എൽഡിഎഫിനൊപ്പമാണെന്നും ന്യൂനപക്ഷ ഏകീകരണം എന്ന വാദം നിലനിൽക്കുന്നതല്ലെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പി.വി. അൻവറിന്റെ പ്രസ്താവനകളോടും വ്യക്തിപരമായ വിമർശനങ്ങളോടും പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. രാഷ്ട്രീയ പ്രവർത്തനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും ഇത്തരം കാര്യങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അളക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളിൽ ഭൂരിഭാഗവും അവഗണിക്കുകയാണ് ചെയ്തത്. ചില വിഷയങ്ങളിൽ മാത്രമേ മറുപടി നൽകിയിട്ടുള്ളൂ. അത്തരം പ്രസ്താവനകളെ ജനം കൃത്യമായി വിലയിരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിനിടയിൽ അനാവശ്യമായ തമ്മിലടികൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് ഭരണകാലത്ത് നടന്ന തമ്മിലടികൾ ജനങ്ങൾക്ക് ഓർമ്മയുണ്ടെന്നും അത് വോട്ടെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്നുമാണ് തന്റെ വിലയിരുത്തൽ. എൽഡിഎഫിന്റെ മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe