പിഎസ്‍സി നിയമനത്തട്ടിപ്പ്: ചോദ്യമുനയിൽ പിഎസ്‌സി ചെയർമാൻ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

news image
Oct 28, 2026, 5:10 am GMT+0000 payyolionline.in

തിരുവനന്തപുരം: പിഎസ്‍സി നിയമനത്തട്ടിപ്പ് കേസിൽ പിഎസ്‍സി ചെയർമാൻ എം ആർ ബൈജു ഇന്ന് എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ബൈജു ഇതുവരെ അസൗകര്യം അറിയിച്ചിട്ടില്ല. ഒച്ചിഴയുന്ന വേഗതയിലുള്ള അന്വേഷണത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് അന്വേഷണ സംഘം നടപടി എടുത്തത്. ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണസംഘം പിഎസ്‍സി ആസ്ഥാനത്ത് വരണമെന്നായിരുന്നു നേരത്തെയുള്ള പിഎസ്‍സി ചെയർമാന്റെയും അംഗങ്ങളുടെയും നിലപാട്.

ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ നോട്ടീസ് നൽകി നാല് അംഗങ്ങളിൽ മൂന്ന് പേരെയും ചോദ്യം ചെയ്തു. ഒരാൾ പിഎസ്‍സി അഭിമുഖ പരീക്ഷയുള്ളതിനാൽ സമയം നീട്ടി ചോദിച്ചു. പിഎസ്‍സി ചെയർമാൻ എംആർ ബൈജുവിനെ സംശയ നിഴലിൽ നിർത്തും വിധത്തിലാണ് കഴിഞ്ഞ ദിവസം കമ്മീഷനിലെ ഒരംഗം എസ്ഐടിക്ക് മൊഴി നൽകിയതായി സൂചനയുണ്ട്. പല കാര്യങ്ങളിലും ചെയർമാൻ അനാവശ്യമായി ഇടപെടുന്നുണ്ടെെന്നാണ് മൊഴിയെന്നാണ് സൂചന. ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയ അംഗമാണിതെന്നാണ് വിവരം. പിഎസ്‍സി അംഗങ്ങളുടെയെല്ലാം ചോദ്യം ചെയ്യൽ വീഡിയോയിലും പകർത്തുന്നുണ്ട്. അതിനിടെ, പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ ഇന്നലെ രണ്ട് കേസുകൾ കൂടി ക്രൈംബ്രാ‌ഞ്ച് രജിസ്റ്റ‍ർ ചെയ്തു. വില്ലേജ് ഓയിൽ ഇൻസ്പെക്ടർ നിയമനത്തിലെയും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിലെയും പരാതികളിലാണ് കേസെടുത്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe