നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രതീക്ഷയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് കലഹം ഉറപ്പാണെന്നും ഭരണം ലഭിക്കുമെന്ന് തോന്നിയപ്പോൾ തന്നെ അത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലിരിക്കുന്നത് താഴെത്തട്ടിലെ അണികളെ ഒരുതരത്തിലുള്ള ആലസ്യത്തിലാക്കിയിട്ടുണ്ടെന്നും, എന്നാൽ തിരഞ്ഞെടുക്കപ്പെട്ടാൽ പിണറായി വിജയൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. തിരുവനന്തപുരം ജില്ലയിലാകും ബിജെപി അക്കൗണ്ട് തുറക്കുക. ഇന്ത്യ ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ അവർ ഒരിടത്ത് അക്കൗണ്ട് തുറന്നാൽ അത് പ്രശ്നമല്ലെന്നും, അവർ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസിനെതിരെയും മുസ്ലീം ലീഗിനെതിരെയും രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോകേണ്ടി വരുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി, സതീശൻ കൊള്ളാവുന്ന നേതാവാണെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ മുസ്ലീം ലീഗ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും പറഞ്ഞു. കോൺഗ്രസിന് ഡൽഹിയിൽ ഹൈക്കമാൻഡ് ഇല്ലേയെന്ന് ചോദിച്ച അദ്ദേഹം, പാണക്കാടാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആയി മാറിയിരിക്കുന്നതെന്ന് പരിഹസിച്ചു. ലീഗ് നേതാക്കളുടെ നിലപാട് തീരെ ശരിയായില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
