തീവണ്ടിക്കുനേരേ കല്ലേറ്: എട്ടുവർഷത്തിനിടെ പരിക്കേറ്റത് ഒൻപതുപേർക്ക്; വിദ്യാർഥിനിയുടെ കേസിൽ അന്വേഷണം

news image
Apr 5, 2026, 6:48 am GMT+0000 payyolionline.in

കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ കല്ലേറിൽ വിദ്യാർഥിനിക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വിലയിരുത്താൻ റെയിൽവേ പോലീസ് എസ്.പി. മുഹമ്മദ് നദിമുദ്ദീൻ എത്തി. പുറമേരി എരഞ്ഞോളി താഴെകുനി ഐശ്വര്യാ രാമകൃഷ്ണന്(22) പരിക്കേറ്റ കേസിലാണ് എസ്.പി.യെത്തി കേസിലെ പുരോഗതി വിലയിരുത്തിയത്.

കടലുണ്ടിക്കും ഫറോക്കിനുമിടയിലുള്ള വടക്കുമ്പാട് റെയിൽവേ അടിപ്പാതയ്ക്കടുത്തുവെച്ചാണ് ഐശ്വര്യക്കുനേരേ കല്ലേറുണ്ടായത്. ഈ ഭാഗത്ത് എസ്.പി.യും അന്വേഷണസംഘത്തിൽ ഉൾപ്പെട്ട സ്‌ക്വാഡ് അംഗങ്ങളും വിശദപരിശോധന നടത്തി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ പോലീസ് എന്നീ വിഭാഗങ്ങളുൾപ്പെട്ട സംഘാംഗങ്ങൾ സംയുക്തമായാണ് പരിശോധനയ്‌ക്കെത്തിയത്. ഈ ഭാഗത്ത് രാത്രി 8.30 കഴിഞ്ഞാൽ ആരുമുണ്ടാകാറില്ലെന്നാണ് പരിസരവാസികൾ മൊഴിനൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.43-നാണ് സംഭവം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹർ, എസ്.ഐ. പ്രദീപ്, ആർ.പി.എഫ്. ഇൻസ്‌പെക്ടർ എൻ. കേശവദാസ്, ആർ.പി.എഫ്. എസ്.ഐ. ഷിനോജ് കുമാർ എന്നിവരും എസ്.പി.ക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യക്ക് പരിക്കേറ്റത്. സംഭവദിവസം വന്ദേഭാരതിനും കല്ലേറുണ്ടായി. ആർ.പി.എഫും റെയിൽവേ പോലീസും സംയുക്തമായി പൊതുജനങ്ങൾക്കിടയിൽ വരുംദിവസങ്ങളിൽ ബോധവത്കരണ പരിപാടി നടത്തും.

തീവണ്ടിക്കുനേരേ കല്ലേറ്: എട്ടുവർഷത്തിനിടെ ഒൻപതുപേർക്ക് പരിക്ക്

കോഴിക്കോട്: തീവണ്ടിക്കുനേരേയുള്ള കല്ലേറ് ജില്ലയിൽ തുടർസംഭവമാകുന്നു. ജില്ലയിലും സമീപപ്രദേശങ്ങളിലുമായി കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ വിവിധയിടങ്ങളിലായി തീവണ്ടിക്ക് കല്ലെറിഞ്ഞ 16 സംഭവങ്ങളുണ്ടായി. ഒൻപതുപേർക്ക് പരിക്കേൽക്കുകയും വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ ആറ് തീവണ്ടികളുടെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. കല്ലേറുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായി.

എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് മരുസാഗർ എക്‌സ്പ്രസിൽ യാത്രചെയ്യുന്നതിനിടെ 2019 മേയ് 13-ന് കല്ലേറിൽ കോഴിക്കോട് കാളൂർ റോഡ് അരീക്കോട്ട് ഗിരീഷിന്റെ തലയ്ക്ക് പരിക്കേറ്റു. ജൂൺ മൂന്നിന് കണ്ണൂർ സ്വദേശിനിയായ വിദ്യാർഥി വർഷയ്ക്ക് (20) ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ വരുമ്പോൾ വടകരവെച്ച് കല്ലേറിൽ ഇടതുകൈക്ക് പരിക്കേറ്റു.

കണ്ണൂരിനും ധർമടത്തിനുമിടയിൽവെച്ച് ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിനുനേരേ അജ്ഞാതർ കല്ലെറിഞ്ഞതിനെ തുടർന്ന് പാലക്കാട് പുതുശ്ശേരി ഭഗവതിനഗറിൽ മണിമന്ദിരം വീട്ടിൽ ജിതേഷ്(27)ന് തലയ്ക്ക് പരിക്കേറ്റു.

2022 ഒക്ടോബർ 15-നുണ്ടായ സമാനസംഭവത്തിൽ വെസ്റ്റ്ഹിലിനും എലത്തൂരിനും ഇടയിൽ കൊച്ചുവേളിയിൽനിന്ന് ചണ്ഡീഗഢിലേക്ക് പോവുകയായിരുന്ന സമ്പർക്കക്രാന്തി എക്‌സ്പ്രസിനുനേരേയുണ്ടായ കല്ലേറിൽ പെരുമ്പാവൂർ നരമങ്ങലത്ത് മനയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി(77), നെല്ലിക്കോട് സ്വദേശി ഹരിനികേത് എന്നിവർക്ക് പരിക്കേറ്റു.

2025 മാർച്ചിൽ തിക്കോടിക്ക് സമീപം തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിനുനേരേയും കല്ലേറുണ്ടായി. മാനസികാസ്വാസ്ഥ്യമുള്ള യുവാവായിരുന്നു കല്ലെറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ, രണ്ട് ജനൽച്ചില്ലുകൾ തകർന്നു. ഇതേവർഷം ഒക്ടോബറിൽ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിനുനേരേ വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപംവെച്ച് കല്ലേറുണ്ടായി. രണ്ട് ജനൽച്ചില്ലുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

2025 ഒക്ടോബറിൽ ഇത്തരത്തിലുള്ള മൂന്ന് സംഭവങ്ങളുണ്ടായി. ഒക്ടോബർ 14-ന് പുലർച്ചെ ഫറോക്കിനും കല്ലായിക്കും ഇടയിൽ ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിനുനേരേ ഇഷ്ടിക എറിഞ്ഞതിനെ തുടർന്ന് കാസർകോട് സ്വദേശി വി.ജെ. ഷിബിയുടെ ചെവിക്ക് പരിക്കേറ്റു. തീവണ്ടിയിൽനിന്ന് ചില്ലുകുപ്പി എറിഞ്ഞതിനെ തുടർന്ന് പേരാമ്പ്ര സ്വദേശി ആദിത്യന് പരിക്കേറ്റു. ഇതേവർഷം വന്ദേഭാരതിനുനേരേ മൂന്നുതവണ കല്ലേറുണ്ടായി.

2023 ഫെബ്രുവരിയിൽ പയ്യോളിയിൽ കല്ലേറുണ്ടായതിനെ തുടർന്ന് ജനൽച്ചില്ല് തകർന്നു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൊച്ചുവേളി-അമൃത്സർ എക്‌സ്പ്രസിനുനേരേയാണ് കല്ലേറുണ്ടായത്. ആർക്കും പരിക്കില്ല.

2023 ഏപ്രിൽ 18-ന് പയ്യോളിയിൽ കല്ലേറുണ്ടായതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന യശ്വന്ത്പുർ എക്‌സ്പ്രസിനുനേരേയാണ് അന്ന് കല്ലേറുണ്ടായത്. സംഭവത്തിൽ വില്യാപ്പള്ളി എടത്തിലോത്ത് മീത്തൽ ഇ.എം. വിനോദിന്(48) പരിക്കേറ്റു. വലതുകണ്ണിനാണ് പരിക്കേറ്റത്. 2023 ഏപ്രിൽ 28-ന് രാജധാനിക്കുനേരേ കല്ലേറുണ്ടായി. ആർക്കും പരിക്കില്ല. കല്ലേറ് നടത്തിയത് മഹാരാഷ്ട്ര സ്വദേശിയായ മാനസികപ്രശ്‌നമുള്ള വ്യക്തിയായിരുന്നു. മാഹി റെയിൽവെ സ്റ്റേഷന് സമീപം 2023 ഓഗസ്റ്റ് 16-ന് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലേറുണ്ടായി. 2023 നവംബറിൽ നേത്രാവതി എക്‌സ്പ്രസിന് കൊയിലാണ്ടിക്കും വടകരയ്ക്കുമിടയിൽ കല്ലേറുണ്ടായതിനെ തുടർന്ന് ചില്ലിന് കേടുപാടുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe