കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതയായ ശ്രുതിയെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പറ്റിച്ചുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. 120 ദിവസംകൊണ്ട് ശ്രുതിക്ക് വീട് വെച്ചുനല്‍കുമെന്ന് സിദ്ദിഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ടെന്നും ഇതുവരെ വാഗ്ദാനം പാലിച്ചില്ലെന്നും കെ റഫീഖ് പറഞ്ഞു.
‘ശ്രുതിയുടെ കണ്ണുനീരിനേയും പ്രയാസത്തേയും കണ്ട് മനുഷ്യപറ്റുള്ള എല്ലാവരും കണ്ണീര്‍തൂകി നില്ക്കുമ്പോള് അതിനെ മുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചവരാണ് കോണ്‍ഗ്രസുകാര്‍. മുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് റീല്‍സ് ഉണ്ടാക്കി പ്രചരിപ്പിച്ചവരാണ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും കോണ്‍ഗ്രസുകാരും. അദ്ദേഹം ആ ഘട്ടത്തില്‍ ആശുപത്രി കിടക്കയില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുവന്ന് ശ്രുതിക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് വെച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം’, റഫീഖ് ആരോപിച്ചു.
ടി സിദ്ദിഖിന്റെ വാഗ്ദാനത്തെ തുടര്‍ന്ന് ശ്രുതി ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി. ഇപ്പോള്‍ പണം തിരികെ നല്‍കാം, ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാറിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കേരളം മുഴുവന്‍ ചേര്‍ത്ത് നിര്‍ത്തിയ ശ്രുതിയെ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചുവെന്നും കെ റഫീഖ് പറഞ്ഞു.
