നെന്മാറ ഇരട്ടക്കൊലക്കേസിൽ ട്വിസ്റ്റ്; ചെന്താമരയുടെ സഹോദരൻ അടക്കം മൂന്ന് പേർ മൊഴിമാറ്റി

news image
Mar 10, 2026, 10:58 am GMT+0000 payyolionline.in

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിചാരണയ്ക്കിടെ മൂന്ന് സാക്ഷികൾ മൊഴിമാറി. പ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, രാധാകൃഷ്ണന്റെ ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് മൊഴിമാറ്റിയത്. മൂന്ന് പേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാലിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും പല കാര്യങ്ങളും സംസാരിച്ചിരുന്നുവെന്നുമായിരുന്നു സഹോദരൻ രാധാകൃഷ്ണൻ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ ഈ മൊഴി രാധാകൃഷ്ണൻ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും അയൽവാസി പൊന്നുകുട്ടിയും തങ്ങൾക്ക് പല കാര്യങ്ങളും അറിയില്ല എന്ന് മൊഴിമാറ്റി.

2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടക്കുന്നത്. അയൽവാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മി(75)യെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്.

സാജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയാണ് സർക്കാർ ധനസഹായമായി നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe