ചോറോട് അപകടക്കേസ് തെളിയിച്ചു; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ

news image
Mar 10, 2026, 7:56 am GMT+0000 payyolionline.in

വടകര: തുമ്പുണ്ടാക്കാൻ കഴിയാതെ മാസങ്ങളോളം ഇരുട്ടിൽ തപ്പിയ വാഹനാപകടക്കേസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിയിച്ച വടകര ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഓണർ’ ബഹുമതി. പരിക്കേറ്റ ഒൻപതുവയസ്സുകാരിക്ക് അർഹമായ ഇൻഷുറൻസ് തുക ഉറപ്പാക്കിയ മികവിനാണ് ഈ ഉന്നത അംഗീകാരം.

ജില്ലാ പോലീസ് മേധാവി നിധിൻ രാജ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബെന്നി, എ.എസ്.ഐ സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ബി. ബിജേഷ്, കെ. ഷിനിൽ, ടി.എച്ച്. ബിനീഷ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചോറോട് ദേശീയപാതയിൽ വെച്ചായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. കാറിടിച്ച് പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകൾ ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയതോടെ മാസങ്ങളോളം പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.

നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങളും വാഹന വിവരങ്ങളും അഹോരാത്രം പരിശോധിച്ച സംഘം പത്താം മാസമാണ് വാഹനവും പ്രതിയെയും കണ്ടെത്തിയത്. കുറ്റവാളികളെ പിടികൂടിയതിനൊപ്പം ഇരയാക്കപ്പെട്ടവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കാനും പോലീസിന്റെ ഈ സമർപ്പണത്തിന് സാധിച്ചു. ഉദ്യോഗസ്ഥരുടെ ഈ വീരോചിതമായ അന്വേഷണ മികവിനെ അഭിനന്ദിച്ചുകൊണ്ടാണ് ഡി.ജി.പി പുരസ്‌കാരം പ്രഖ്യാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe