നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില്ല, നടക്കാത്ത ഭജനയുടെ പേരിൽ എട്ട് ലക്ഷത്തിന്‍റെ ബിൽ; ചുരുളഴിയുന്ന തട്ടിപ്പിന്‍റെ കണക്കുകൾ

news image
Feb 13, 2026, 9:12 am GMT+0000 payyolionline.in

പത്തനംതിട്ട: ആഗോള അയപ്പ സംഗമത്തിൽ നടക്കാത്ത ഭജനക്ക് എട്ട് ലക്ഷം ചെലവായെന്ന് കാണിച്ച് ബില്ല്. പ്രമുഖ ഭജന ട്രൂപ്പായ നന്ദ ഗോവിന്ദത്തിന് പണം നൽകിയെന്ന് കാണിച്ചാണ് ബിൽ കണക്കിൽപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവർ പരിപാടിക്ക് എത്തുകയോ ചെയ്തിട്ടില്ല.

തങ്ങൾ പമ്പയിലോ സന്നിധാനത്തോ ഇതുവരെ ഭജന നടത്തിയിട്ടില്ല എന്നാണ് നന്ദ ഗോവിന്ദം ഭജൻസ് അറിയിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ഇവരുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അയ്യപ്പ സംഗമ ദിവസം ഗായകൻ ഇഷാൻ ദേവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭക്തിഗാന സദസ്സ് നടന്നിരുന്നു. ഇതിന് എത്ര രൂപ ചെലവായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

ഇതിനൊക്കെ പുറമെ വൈകുന്നേരം നടന്ന വിജയ് യേശുദാസ് , സുദീപ് കുമാർ തുടങ്ങിയവരടങ്ങുന്ന അയപ്പ ഗാനമേളക്ക് എത്ര ചെലവായെന്നും ഓഡിറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ച തിരുവാതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ മുഴുവൻ കണക്കുകളുമായെത്താൻ കരാർ കമ്പനിയായ ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe